എബോള ഭീതി; ഒമാനിലേക്ക് വരുന്നവർക്ക് പുതിയ നിബന്ധനകൾ പുറത്തിറക്കി
കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി.
മസ്‌കറ്റ്: എബോള പ്രതിരോധത്തിന്റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമാക്കി. ഈ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് എത്തുന്ന യാത്രക്കാര്‍ ഇനി മുതല്‍ ഇലക്ട്രോണിക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം നിര്‍ബന്ധമായും പൂരിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ക്യുആര്‍ കോഡ് വഴി വിവരങ്ങള്‍ സമര്‍പ്പിക്കണം. നിയമം ബാധകമായ യാത്രക്കാര്‍ ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി, ഇതിനായി നിശ്ചയിച്ചിട്ടുള്ള പ്രത്യേക ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇലക്ട്രോണിക് ഹെല്‍ത്ത് സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കോംഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ രണ്ട് രാജ്യങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ ഒമാനില്‍ എത്തുന്ന മറ്റ് യാത്രക്കാര്‍ക്കും ഒമാനില്‍ എത്തുന്നതിന് മുന്‍പുള്ള 21 ദിവസങ്ങള്‍ക്കുള്ളില്‍ ഈ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കുമാണ് ഈ നിബന്ധന ബാധകമാകുന്നത്.
കോംഗോയിലും ഉഗാണ്ടയിലും 'ബുന്ദിബുഗ്യോ' വൈറസ് വകഭേദം മൂലമുണ്ടാകുന്ന എബോള രോഗബാധ തുടര്‍ച്ചയായി പടരുന്നതായും സംശയാസ്പദമായ കേസുകള്‍ വര്‍ധിക്കുന്നതായും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായും ഈ മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്.
Comments ()