തെരുവുകളിൽ യാചകരെ കണ്ടാൽ ഉടൻ വിവരമറിയിക്കണം: ഒമാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്

ഒമാൻ ശിക്ഷാനിയമ പ്രകാരം പള്ളികൾ, തെരുവുകൾ, പൊതു-സ്വകാര്യ സ്ഥലങ്ങൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും.

തെരുവുകളിൽ യാചകരെ കണ്ടാൽ ഉടൻ വിവരമറിയിക്കണം: ഒമാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്

ഒമാനിൽ സാമ്പത്തിക ലാഭം മുന്നിൽ കണ്ട് വ്യക്തികളെ ചൂഷണം ചെയ്യുന്ന സംഘടിത ഭിക്ഷാടന ശൃംഖലകൾ സജീവമാണെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. തെരുവുകളിലും പൊതുയിടങ്ങളിലും യാചന നടത്തുന്നവരിൽ ഭൂരിഭാഗവും ഇത്തരം മാഫിയാ സംഘങ്ങളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വീടുകളുടെ സമീപത്തും പൊതുസ്ഥലങ്ങളിലും പാവപ്പെട്ടവരെ മുന്നിൽ നിർത്തി പിന്നിൽ നിന്ന് പണം തട്ടുന്ന ഇത്തരം മാഫിയകളുടെ ചൂഷണത്തിന് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് അധികൃതർ നടപടികൾ ശക്തമാക്കിയത്.

ഒമാൻ ശിക്ഷാനിയമ പ്രകാരം പള്ളികൾ, തെരുവുകൾ, കടകൾ, പൊതു-സ്വകാര്യ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും 100 ഒമാനി റിയാൽ പിഴയുമാണ് ശിക്ഷ. അതിനാൽ, അനാവശ്യമായി ധനസഹായം നൽകി ഭിക്ഷാടനം പ്രോത്സാഹിപ്പിക്കരുതെന്നും, യാചനയിൽ ഏർപ്പെടുന്നവരെയോ സംശയാസ്പദമായ രീതിയിൽ ആളുകളെ ഇതിനായി ഉപയോഗിക്കുന്നവരെയോ കണ്ടെത്തുകയാണെങ്കിൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ഒമാൻ പൊലീസ് പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.