സഞ്ചാരികൾക്ക് സന്തോഷവാർത്ത! 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് ഒമാൻ
2026 ഓഗസ്റ്റ് 2-ന് ഒമാന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടെ പുതിയ ഭേദഗതി നിലവില്‍ വന്നു.
ഒമാന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒമാന്‍ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ചു. വിദേശികളുടെ താമസനിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഈ നിര്‍ണ്ണായക തീരുമാനം എടുത്തിരിക്കുന്നത്. 2026 ഓഗസ്റ്റ് 2-ന് ഒമാന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടെ പുതിയ ഭേദഗതി നിലവില്‍ വന്നു.
ഒമാന്റെ പുതിയ വിസ ചട്ടമനുസരിച്ച് നിര്‍ദ്ദിഷ്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അപേക്ഷയുടെ അടിസ്ഥാനത്തില്‍ 14 ദിവസത്തെ സൗജന്യ ടൂറിസ്റ്റ് വിസ ലഭിക്കും. എന്നാല്‍, ഏതൊക്കെ രാജ്യങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുകയെന്ന വിശദാംശങ്ങള്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ദിവസത്തെ സൗജന്യ വിസയിലെത്തുന്നവര്‍ക്ക് കാലാവധി തീരുന്നതിന് മുന്‍പ് തന്നെ, നിശ്ചിത ഫീസും നിബന്ധനകളും പാലിച്ചുകൊണ്ട് മറ്റ് ടൂറിസ്റ്റ് വിസകളിലേക്ക് മാറാനും സൗകര്യമുണ്ട്.
സാംസ്‌കാരിക പൈതൃകവും പ്രകൃതിഭംഗിയും കൊണ്ട് ഗള്‍ഫ് മേഖലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഒമാന്‍. ഹജര്‍ പര്‍വതനിരകള്‍, മരുഭൂമികള്‍, പുരാതന കോട്ടകള്‍, മനോഹരമായ കടല്‍ത്തീരങ്ങള്‍, പ്രശസ്തമായ സലാലയിലെ ഖരീഫ് സീസണ്‍ എന്നിവ ഒമാനിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ജൂണ്‍ 21-ന് ആരംഭിച്ച ഈ വര്‍ഷത്തെ ഖരീഫ് സീസണ്‍ സെപ്റ്റംബര്‍ 21 വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ പച്ചപ്പുനിറഞ്ഞ മനോഹരമായ പ്രകൃതിദൃശ്യങ്ങളാല്‍ ധോഫാര്‍ ഗവര്‍ണറേറ്റ് സഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമാകും. ഗള്‍ഫ് മേഖലയിലാകെ കടുത്ത വേനല്‍ച്ചൂട് അനുഭവപ്പെടുമ്പോള്‍ സലാലയില്‍ കുളിര്‍മയുള്ള കാലാവസ്ഥയാണ് പ്രതിഫലിക്കുന്നത്.
കടല്‍ത്തീരങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, സിങ്ക്ഹോളുകള്‍ എന്നിവയ്ക്ക് പുറമെ 125-ഓളം സാംസ്‌കാരിക, കലാ, കായിക, വിനോദ പരിപാടികളാണ് ഈ വര്‍ഷത്തെ ഖരീഫ് ആഘോഷങ്ങളുടെ ഭാഗമായി ധോഫാര്‍ മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുള്ളത്.
ഒമാന്റെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്തേകാനും കൂടുതല്‍ അന്താരാഷ്ട്ര സഞ്ചാരികളെ ആകര്‍ഷിക്കാനും പുതിയ സൗജന്യ ടൂറിസ്റ്റ് വിസ പദ്ധതി വഴി സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും, ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ള രാജ്യങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തുവരുന്നതോടെ മാത്രമേ ഏതൊക്കെ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സൗജന്യ വിസ ലഭിക്കുകയെന്ന കാര്യത്തില്‍ പൂര്‍ണ്ണമായ വ്യക്തത വരികയുള്ളൂ.
Comments ()