'ഓണം കളറാവും',ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്സവബത്ത; കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ വീതം സാലറി അഡ്വാൻസായി ലഭിക്കും. ഇതിന് പുറമെ 3,000 രൂപ ഉത്സവബത്തയും ബോണസിന് അർഹരായവർക്ക് ബോണസും നൽകും

'ഓണം കളറാവും',ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഉത്സവബത്ത; കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. ഓണം ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനായി ധനവകുപ്പ് 33.92 കോടി രൂപയുടെ പ്രത്യേക ധനസഹായമാണ് അനുവദിച്ചത്. വർഷങ്ങളായി ലഭിക്കാതിരുന്ന ചില ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതും ഇത്തവണത്തെ പ്രഖ്യാപനത്തിന്റെ പ്രത്യേകതയാണ്.

സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ വീതം സാലറി അഡ്വാൻസായി ലഭിക്കും. ഇതിന് പുറമെ 3,000 രൂപ ഉത്സവബത്തയും ബോണസിന് അർഹരായവർക്ക് ബോണസും നൽകും. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് ഫെസ്റ്റിവൽ അലവൻസ് അല്ലെങ്കിൽ ഓണം അഡ്വാൻസ് അനുവദിക്കും.

താൽക്കാലിക ജീവനക്കാർക്കും ഓണത്തിന് ധനസഹായമുണ്ട്. ഇവർക്ക് 1,000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. അതേസമയം, വിരമിച്ച ജീവനക്കാർക്ക് 1,250 രൂപ ഓണം ഉത്സവബത്തയായി നൽകും. 2019ന് ശേഷം ആദ്യമായാണ് കെഎസ്ആർടിസി പെൻഷൻകാർക്ക് ഓണം അലവൻസ് ലഭിക്കുന്നത്.

ഏഴ് വർഷത്തോളമായി മുടങ്ങിക്കിടന്ന ഉത്സവബത്തയാണ് സ്ഥിരം ജീവനക്കാർക്കും പെൻഷൻകാർക്കും ഇത്തവണ പുനഃസ്ഥാപിക്കുന്നത്. 2023ന് ശേഷം ലഭിക്കാതിരുന്ന ഓണം സാലറി അഡ്വാൻസും ഇത്തവണ അനുവദിച്ചിട്ടുണ്ട്.

ഓണത്തിന് മുമ്പായി ജീവനക്കാരുടെ ശമ്പളവും പെൻഷൻ കുടിശ്ശികയുടെ ഒരു ഭാഗവും വിതരണം ചെയ്യുന്നതിനാണ് സർക്കാർ അനുവദിച്ച തുക ഉപയോഗിക്കുക. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ഗഡുക്കളായുള്ള ശമ്പളവിതരണത്തിന് പകരം ഇത്തവണ ഓണക്കാലത്ത് ശമ്പളം പൂർണമായി ഒറ്റ ഗഡുവായി അക്കൗണ്ടുകളിൽ എത്തിക്കാനുള്ള നടപടികളാണ് കെഎസ്ആർടിസി മാനേജ്മെന്റ് സ്വീകരിക്കുന്നത്.

പ്രതിമാസം കെഎസ്ആർടിസിക്ക് ലഭിക്കുന്ന സർക്കാർ ധനസഹായത്തിന് പുറമെയാണ് ഓണക്കാലത്തെ പ്രത്യേക സഹായമായി തുക അനുവദിച്ചിരിക്കുന്നത്. വിരമിച്ച ജീവനക്കാർക്ക് പെൻഷൻ കുടിശ്ശികയും ഉത്സവബത്തയും സമയബന്ധിതമായി ലഭ്യമാക്കാനും ധനവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

ഓണത്തിരക്ക്; അധിക സർവീസുകളും

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി അധിക സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ തുടങ്ങിയ അന്തർസംസ്ഥാന റൂട്ടുകൾക്ക് പുറമെ സംസ്ഥാനത്തെ തിരക്കേറിയ പ്രധാന റൂട്ടുകളിലും കൂടുതൽ ബസുകൾ സർവീസ് നടത്തും.

യാത്രക്കാർക്ക് ‘എന്റെ കെഎസ്ആർടിസി’ ആപ്പിലൂടെയും കെഎസ്ആർടിസിയുടെ വെബ്സൈറ്റ് വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.