ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസ, പദ്ധതി ഉടൻ

യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് ഏകീകൃത വിസ ഉപയോഗിച്ച് പ്രവേശനം സാധ്യമാകുക. പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി, വിസയുടെ കാലാവധി, നിരക്ക്, അപേക്ഷാ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ വിശദാംശങ്ങൾ ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികൾ പിന്നീട് പ്രഖ്യാപിക്കും

ഗൾഫ് യാത്ര ഇനി കൂടുതൽ എളുപ്പം; ആറ് രാജ്യങ്ങളിലേക്കും ഒറ്റ വിസ, പദ്ധതി ഉടൻ

റിയാദ്: ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ സംവിധാനം ഉടൻ നടപ്പാക്കുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിദേശ സഞ്ചാരികൾക്ക് ഒറ്റ വിസ ഉപയോഗിച്ച് ആറ് ഗൾഫ് രാജ്യങ്ങളിലും യാത്ര ചെയ്യാൻ സാധിക്കും.

യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കാണ് ഏകീകൃത വിസ ഉപയോഗിച്ച് പ്രവേശനം സാധ്യമാകുക. പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി, വിസയുടെ കാലാവധി, നിരക്ക്, അപേക്ഷാ നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ അന്തിമ വിശദാംശങ്ങൾ ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികൾ പിന്നീട് പ്രഖ്യാപിക്കും.

ജിസിസി ടൂറിസം മന്ത്രിമാർ 2023 ഒക്ടോബറിൽ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെ അതേ വർഷം നവംബറിൽ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിലും പദ്ധതിക്ക് അംഗീകാരം ലഭിച്ചു. തുടർനടപടികൾ പൂർത്തിയാക്കി പദ്ധതി യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം, ഗൾഫ് രാജ്യങ്ങളിലെ യാത്രാ നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനുള്ള മറ്റൊരു പദ്ധതിയും പുരോഗമിക്കുകയാണ്. യുഎഇയും ബഹ്‌റൈനും ചേർന്ന് ജിസിസി പൗരന്മാർക്കായി നടപ്പാക്കുന്ന 'വൺ-പോയിന്റ് എയർ ട്രാവൽ' സംവിധാനം വിജയകരമായി മുന്നേറുകയാണെന്ന് അൽ ബുദൈവി പറഞ്ഞു.

പദ്ധതി പ്രകാരം ബഹ്‌റൈനിൽ നിന്ന് യാത്ര ചെയ്യുമ്പോൾ തന്നെ ആവശ്യമായ പാസ്‌പോർട്ട്, ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. തുടർന്ന് അബുദാബി, ദുബായ് അടക്കമുള്ള യുഎഇ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ വീണ്ടും ഇമിഗ്രേഷൻ പരിശോധനയ്ക്കായി ദീർഘനേരം കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകും. ബയോമെട്രിക് സംവിധാനങ്ങളും ഇ-ഗേറ്റുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഗൾഫ് മേഖലയിലെ ടൂറിസം വളർച്ചയ്ക്കും രാജ്യങ്ങൾക്കിടയിലെ യാത്ര കൂടുതൽ ലളിതമാക്കുന്നതിനും ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.