ഒരു വർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ; വിദേശ തീർഥാടകർക്ക് സൗദിയുടെ പുതിയ ഇളവ്

നിലവിലെ പരിഷ്കാരത്തോടെ ഉംറ വിസയുടെ പരമാവധി താമസ കാലാവധി വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് സൗദിയിൽ ആകെ 90 ദിവസം വരെ താമസിക്കാനാണ് അനുമതി

ഒരു വർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ; വിദേശ തീർഥാടകർക്ക് സൗദിയുടെ പുതിയ ഇളവ്

ഉംറ തീർഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന പുതിയ വിസ സംവിധാനം സൗദി അറേബ്യ ആരംഭിച്ചു. ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസകളാണ് ഇപ്പോൾ അനുവദിക്കുന്നത്. ജൂലൈ 19 മുതലാണ് പുതിയ വിസ സംവിധാനം പ്രാബല്യത്തിൽ വന്നതെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

പുതിയ സംവിധാനത്തിലൂടെ തീർഥാടകർക്ക് ഒരു വർഷത്തിനിടെ ഒന്നിലധികം തവണ സൗദിയിലെത്തി ഉംറ നിർവഹിക്കാനുള്ള അവസരം ലഭിക്കും. സൗദി വിഷൻ 2030ന്റെയും പിൽഗ്രിംസ് സർവീസ് പ്രോഗ്രാമിന്റെയും ഭാഗമായി തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയും മതപരമായ സന്ദർശനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

നിലവിലെ പരിഷ്കാരത്തോടെ ഉംറ വിസയുടെ പരമാവധി താമസ കാലാവധി വർധിപ്പിച്ചിട്ടുണ്ട്. ഒരു വർഷം സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി വിസ ഉപയോഗിച്ച് സൗദിയിൽ ആകെ 90 ദിവസം വരെ താമസിക്കാനാണ് അനുമതി. ഓരോ സന്ദർശനത്തിലും ചെലവഴിക്കുന്ന ദിവസങ്ങൾ ഈ അനുവദിച്ചിരിക്കുന്ന കാലാവധിയിൽ നിന്ന് കുറയ്ക്കപ്പെടും.

ഉംറയ്ക്കായി സൗദിയിലെത്തുന്നവർ നിർബന്ധമായും ‘നുസുക്’ ആപ്പ് വഴി പെർമിറ്റ് നേടണം. യാത്രയ്ക്ക് മുമ്പ് വിസാ മാനദണ്ഡങ്ങളും പ്രവേശന നിബന്ധനകളും പാലിക്കണം. ആദ്യമായി അപേക്ഷിക്കുന്നവർ നുസുക് പ്ലാറ്റ്‌ഫോമിലൂടെ ആവശ്യമായ പാക്കേജ് തിരഞ്ഞെടുക്കുകയും തുടർന്ന് വിസാ നടപടികൾ പൂർത്തിയാക്കുകയും വേണം.