പഴകിയ എണ്ണയിൽ എണ്ണക്കടി നിർമാണം; 440 ലിറ്റർ പിടികൂടി, ക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

കോഴിക്കോട്ട് പുലർച്ചെ ആരംഭിച്ച പരിശോധനയിൽ ആവർത്തിച്ച് ഉപയോഗിച്ച 440 ലിറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കിയ ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചതായി അധികൃതർ അറിയിച്ചു

പഴകിയ എണ്ണയിൽ എണ്ണക്കടി നിർമാണം; 440 ലിറ്റർ പിടികൂടി, ക്ഷ്യസുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന

കോഴിക്കോട്: ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ തെളിമയുടെ ഭാഗമായി കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിലെ എണ്ണക്കടി നിർമാണ കേന്ദ്രങ്ങളിലും വിതരണ സ്ഥാപനങ്ങളിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മാനദണ്ഡങ്ങൾ ലംഘിച്ച നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.

കോഴിക്കോട്ട് പുലർച്ചെ ആരംഭിച്ച പരിശോധനയിൽ ആവർത്തിച്ച് ഉപയോഗിച്ച 440 ലിറ്റർ ഭക്ഷ്യ എണ്ണ പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കിയ ആയിരത്തോളം എണ്ണക്കടികളും നശിപ്പിച്ചതായി അധികൃതർ അറിയിച്ചു. റീട്ടെയിൽ കടകളിലേക്കും ഹോട്ടലുകളിലേക്കും വൻതോതിൽ എണ്ണക്കടികൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ എണ്ണയുടെ ഗുണനിലവാരവും പരിശോധിച്ചു. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും ശുചിത്വമില്ലായ്മ കണ്ടെത്തിയ നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

മലപ്പുറത്ത് നടത്തിയ പരിശോധനയിൽ അഞ്ച് ലിറ്റർ പഴകിയ എണ്ണ പിടിച്ചെടുത്തു. ഇവിടെ ഒരു സ്ഥാപനം അടപ്പിക്കുകയും മൂന്ന് സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. പാലക്കാട് നഗരത്തിലെ നാല് സ്ഥാപനങ്ങളിൽനിന്ന് ഗുണനിലവാരമില്ലാത്ത 120 ലിറ്റർ എണ്ണ കണ്ടെത്തി. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തതടക്കമുള്ള വീഴ്ചകളും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങൾക്കെതിരെ പിഴ നടപടികൾ സ്വീകരിച്ചു.

തൃശ്ശൂരിലും എറണാകുളത്തും നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. എറണാകുളത്ത് സമൂസ നിർമാണത്തിനായി എത്തിച്ച 30 ചീഞ്ഞ ക്യാരറ്റുകളും പിടിച്ചെടുത്ത് നശിപ്പിച്ചു. കൊല്ലത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത നാല് സ്ഥാപനങ്ങൾക്കും പൂട്ടുവീണു. ഭക്ഷ്യവസ്തുക്കളുടെ നിർമാണം, സംഭരണം, വിതരണം എന്നിവയിൽ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പരിശോധനയും കർശന നടപടികളും തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.