ഓപ്പറേഷൻ തൂഫാൻ: ലഹരി ഇടപാടിൽ രണ്ടാമത്തെ അധ്യാപികയും പിടിയിൽ
നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തനയിൽ നിന്നാണ് കാവ്യയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന കീർത്തനയെ ഈ മാസം 11നാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കോഴിക്കോട് മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കാവ്യ (29)യെയാണ് പൊലീസ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടികൂടിയത്. പേരാമ്പ്ര ബിആർസിയിൽ അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു ഇവർ.
നേരത്തെ ഇതേ കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശിനി കീർത്തനയിൽ നിന്നാണ് കാവ്യയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികയായിരുന്ന കീർത്തനയെ ഈ മാസം 11നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കീർത്തനയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി ഇടപാടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. എംഡിഎംഎ വാങ്ങാൻ താൽപര്യമുള്ളവർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയക്കുകയും, പണം ലഭിച്ച ശേഷം ഫോണിലൂടെ ലഹരി കൈമാറ്റത്തിനുള്ള സ്ഥലം അറിയിക്കുകയും ചെയ്തിരുന്നതായാണ് പൊലീസ് കണ്ടെത്തൽ.
നിശ്ചിത സ്ഥലത്ത് എത്തുന്നവർക്ക് മറ്റൊരാൾ വഴിയാണ് എംഡിഎംഎ കൈമാറിയിരുന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ലഹരി വിതരണക്കാരും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ഇടനിലക്കാരിയായാണ് കീർത്തന പ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു.
കീർത്തനയുടെ അക്കൗണ്ടിൽ എത്തിയ പണം പിന്നീട് കാവ്യയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളുമായി കാവ്യയ്ക്ക് ബന്ധമുണ്ടോയെന്നത് പരിശോധിച്ചുവരികയാണ്.
വടകര സ്വദേശിയായ സഫ്‌വാനെ എംഡിഎംഎയുമായി പിടികൂടിയ കേസിന്റെ അന്വേഷണമാണ് അധ്യാപികമാരിലേക്കെത്തിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
അതേസമയം, ലഹരിക്കേസിൽ അറസ്റ്റിലായതിനെ തുടർന്ന് കീർത്തനയെ ബിആർസി അധികൃതർ ജോലിയിൽ നിന്ന് നീക്കി. കരാർ അടിസ്ഥാനത്തിലായിരുന്നു ഇവർ സ്പെഷ്യലിസ്റ്റ് അധ്യാപികയായി പ്രവർത്തിച്ചിരുന്നത്.
Comments ()