പണം മുഴുവൻ മുൻകൂറായി നൽകി; പാർസൽ എത്തിയപ്പോൾ ആൻഡ്രോയിഡിന് പകരം ചാണകം

ദൻകൗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആകാശാണ് സംഭവത്തിൽ സൈബർ ക്രൈം പോലീസിനെ സമീപിച്ചത്. ജോലി ആവശ്യത്തിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരു വെബ്‌സൈറ്റ് വഴി ഇയാൾ ഉപകരണം ബുക്ക് ചെയ്തത്

പണം മുഴുവൻ മുൻകൂറായി നൽകി; പാർസൽ എത്തിയപ്പോൾ ആൻഡ്രോയിഡിന് പകരം ചാണകം

ഗ്രേറ്റർ നോയിഡ: ഓൺലൈൻ ഷോപ്പിങ്ങിനിടെ വൻ തട്ടിപ്പിനിരയായതായി പരാതി നൽകി ഗ്രേറ്റർ നോയിഡ സ്വദേശി. 1,999 രൂപ വിലയുള്ള ആൻഡ്രോയിഡ് ഉപകരണം ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഉണങ്ങിയ ചാണകം നിറച്ച പാക്കറ്റാണെന്നാണ് പരാതി.

ദൻകൗർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ആകാശാണ് സംഭവത്തിൽ സൈബർ ക്രൈം പോലീസിനെ സമീപിച്ചത്. ജോലി ആവശ്യത്തിനായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരു വെബ്‌സൈറ്റ് വഴി ഇയാൾ ഉപകരണം ബുക്ക് ചെയ്തത്. ഓർഡർ നൽകുന്നതിനൊപ്പം മുഴുവൻ തുകയും ഓൺലൈനായി അടയ്ക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കൊറിയർ വഴി പാർസൽ വീട്ടിലെത്തി. പ്രതീക്ഷിച്ച ഉപകരണം ലഭിക്കുമെന്ന ധാരണയിൽ പാക്കറ്റ് തുറന്നപ്പോഴാണ് അതിനുള്ളിൽ ഉണങ്ങിയ ചാണകം നിറച്ച മറ്റൊരു പാക്കറ്റ് കണ്ടെത്തിയത്. ഇതോടെയാണ് താൻ ഓൺലൈൻ തട്ടിപ്പിനിരയായതായി ആകാശ് മനസിലാക്കിയത്.

തുടർന്ന് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് സൈബർ ക്രൈം പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചതിന് പിന്നാലെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഓർഡർ നൽകിയ വെബ്‌സൈറ്റ്, ഓൺലൈൻ പണമിടപാടിന്റെ വിശദാംശങ്ങൾ, പാർസൽ കൈമാറിയ കൊറിയർ ശൃംഖല എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്തിയ ശേഷം നിയമപ്രകാരം ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, വിശ്വാസ്യത ഉറപ്പാക്കാത്ത വെബ്‌സൈറ്റുകളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സൈബർ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകി.