ആരോഗ്യവും വികസിത ഭാരതവും; മസ്കറ്റിൽ ശ്രദ്ധേയമായി പ്രവാസികളുടെ കൂട്ടയോട്ടം
ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0ന്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. സെപ്റ്റംബർ 17ന് ആരംഭിച്ച ‘സേവാ പഖ്വാഡ’യുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി ഒക്ടോബർ 2ന് നടന്നത്
മസ്കറ്റ്: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി മസ്കറ്റിൽ നടന്ന ‘വികസിത ഭാരത് സോളിഡാരിറ്റി റൺ’ ശ്രദ്ധേയമായി. ഒമാനിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ച് കിലോമീറ്റർ കൂട്ടയോട്ടത്തിൽ ആയിരത്തിലധികം പ്രവാസികൾ പങ്കാളികളായി. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള വിവിധ പ്രായക്കാരുടെ സാന്നിധ്യം പരിപാടിക്ക് വലിയ ആവേശം നൽകി.
ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0ന്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. സെപ്റ്റംബർ 17ന് ആരംഭിച്ച ‘സേവാ പഖ്വാഡ’യുടെ സമാപനത്തോടനുബന്ധിച്ചായിരുന്നു പരിപാടി ഒക്ടോബർ 2ന് നടന്നത്. 2047ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തിന് പ്രവാസി സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം ഉയർത്തിക്കാട്ടുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
രാവിലെ നടന്ന പരിപാടിക്ക് മുന്നോടിയായി വാം-അപ്പ് സെഷനും സുംബ ഡാൻസും സംഘടിപ്പിച്ചു. ‘ഫിറ്റ്നസ് കി ഡോസ്, ആധ ഘണ്ടാ റോസ്’ എന്ന സന്ദേശത്തിലൂടെ ദിവസവും കുറഞ്ഞത് അരമണിക്കൂർ ശാരീരികക്ഷമതയ്ക്കായി മാറ്റിവെക്കണമെന്ന ആശയവും പ്രചരിപ്പിച്ചു. ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ മെഡലുകൾ വിതരണം ചെയ്തു.
Comments ()