ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പത്മജ വേണുഗോപാൽ; 'തെറ്റായ തീരുമാനമായിരുന്നു, ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷം'

ബിജെപി വിടാനുള്ള തീരുമാനം ആദ്യം അറിയിച്ചത് സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരനെയാണെന്നും അദ്ദേഹവുമായുള്ള ബന്ധം വീണ്ടും ഊഷ്മളമായതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും പത്മജ കൂട്ടിച്ചേർത്തു

ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പത്മജ വേണുഗോപാൽ; 'തെറ്റായ തീരുമാനമായിരുന്നു, ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷം'

തിരുവനന്തപുരം: ബിജെപി വിട്ട് പത്മജ വേണുഗോപാൽ. പാർട്ടിയിൽ നിന്ന് രാജിവെച്ചത് സ്ഥാനമാനങ്ങളോ പദവികളോ ലഭിക്കാത്തതുകൊണ്ടല്ലെന്നും ബിജെപിയുടെ ആശയങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് പാർട്ടിയിൽ ചേർന്നതെന്നും പത്മജ വ്യക്തമാക്കി. ഇമെയിൽ വഴിയാണ് രാജിക്കത്ത് അയച്ചതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി വിടാനുള്ള തീരുമാനം ആദ്യം അറിയിച്ചത് സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരനെയാണെന്നും അദ്ദേഹവുമായുള്ള ബന്ധം വീണ്ടും ഊഷ്മളമായതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും പത്മജ കൂട്ടിച്ചേർത്തു.

കോൺഗ്രസിൽ ഏതെങ്കിലും പദവി ലഭിക്കുമെന്ന പ്രതീക്ഷയിലല്ല ബിജെപിയിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചതെന്ന് അവർ വ്യക്തമാക്കി. തെറ്റ് സംഭവിച്ചാൽ അത് തുറന്നുപറയണമെന്ന പാഠമാണ് പിതാവ് കെ. കരുണാകരൻ പകർന്നുനൽകിയതെന്നും ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് ഇപ്പോൾ ബോധ്യപ്പെട്ടതായും പത്മജ പറഞ്ഞു. നരേന്ദ്രമോദിയെയോ അമിത് ഷായെയോ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്നും ബിജെപി നേതൃത്വത്തോട് യാതൊരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. പാർട്ടി തനിക്ക് പ്രത്യേകിച്ച് വാഗ്ദാനങ്ങളൊന്നും നൽകിയിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.

യുഡിഎഫ് അധികാരത്തിലെത്തുമെന്ന് നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും എന്നാൽ കോൺഗ്രസിലേക്ക് തിരിച്ചുപോകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും പത്മജ പറഞ്ഞു. ആരുമായും വ്യക്തിപരമായ തർക്കങ്ങളില്ലെന്നും രാഷ്ട്രീയ തീരുമാനങ്ങൾ പദവികൾക്ക് വേണ്ടിയല്ലെന്നും അവർ വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ സജീവ പ്രവർത്തനങ്ങളിൽ നിന്ന് പത്മജ അകന്നുനിന്നിരുന്നു. പാർട്ടിയുടെ പ്രധാന പരിപാടികളിലും പൊതുചടങ്ങുകളിലും അവരുടെ സാന്നിധ്യം കുറഞ്ഞിരുന്നു. പ്രതീക്ഷിച്ച അംഗീകാരവും പരിഗണനയും ലഭിക്കാത്തതാണ് ബിജെപിയിൽ നിന്നുള്ള പിന്മാറ്റത്തിന് പിന്നിലെന്നായിരുന്നു പത്മജയുമായി അടുത്ത വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ മകളായ പത്മജ 2024 മാർച്ചിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രകാശ് ജാവദേക്കറിൽ നിന്നായിരുന്നു പാർട്ടി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കെപിസിസി, എഐസിസി തലങ്ങളിൽ വിവിധ ചുമതലകൾ വഹിച്ചിരുന്ന അവർ പാർട്ടിക്കുള്ളിൽ അവഗണന നേരിടുന്നുവെന്ന് ആരോപിച്ചായിരുന്നു അന്ന് കോൺഗ്രസ് വിട്ടത്. സഹോദരൻ കെ. മുരളീധരനുമായുള്ള ബന്ധം വീണ്ടും മെച്ചപ്പെട്ടെന്ന പത്മജയുടെ പ്രതികരണവും പുതിയ രാഷ്ട്രീയ നീക്കവും സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുകയാണ്.