മക്കയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ഹൂതി ആക്രമണശ്രമത്തെ അപലപിച്ച് പാകിസ്ഥാൻ
സൗദി അധികൃതരുടെ വിശദീകരണമനുസരിച്ച്, ചൊവ്വാഴ്ച വൈകിട്ട് മക്കയുടെ തെക്കുഭാഗത്ത് എത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചു. നഗരത്തിന്റെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പായിരുന്നു നടപടി
ഇസ്‌ലാമാബാദ്: മക്കയ്ക്ക് സമീപം ഡ്രോൺ തകർത്ത സംഭവത്തിൽ സൗദി അറേബ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിശുദ്ധ നഗരത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും പാകിസ്ഥാൻ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മക്ക ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ അയച്ചെന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആരോപണത്തിന് പിന്നാലെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
സൗദി അധികൃതരുടെ വിശദീകരണമനുസരിച്ച്, ചൊവ്വാഴ്ച വൈകിട്ട് മക്കയുടെ തെക്കുഭാഗത്ത് എത്തിയ ഡ്രോൺ സൗദി വ്യോമ പ്രതിരോധ സേന തടഞ്ഞുനശിപ്പിച്ചു. നഗരത്തിന്റെ നിരോധിത വ്യോമപരിധിയിൽ പ്രവേശിക്കുന്നതിന് മുമ്പായിരുന്നു നടപടി. രണ്ട് വിശുദ്ധ പള്ളികളുടെയും തീർത്ഥാടകരുടെയും സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അത് തങ്ങളുടെ ‘റെഡ് ലൈൻ’ ആണെന്നും സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. സംഭവത്തിൽ കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്നാൽ മക്കയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന ആരോപണം ഹൂതികൾ നിഷേധിച്ചു. മക്കയിലേക്കോ മറ്റ് ഇസ്‌ലാമിക പുണ്യസ്ഥലങ്ങളിലേക്കോ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്നാണ് ഹൂതി വക്താക്കളുടെ പ്രതികരണം. സൗദിയുടെ ആരോപണം തെറ്റായ വിവരപ്രചാരണമാണെന്നും അവർ വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും കൂടുതൽ സംഘർഷത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. മേഖല ഇതിനകം തന്നെ വലിയ സംഘർഷങ്ങളിലൂടെ കടന്നുപോകുകയാണെന്നും പ്രശ്നങ്ങൾക്ക് സുസ്ഥിര പരിഹാരം കാണാനുള്ള മാർഗം സംഭാഷണവും നയതന്ത്രവുമാണെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. സൗദിയുടെ പരമാധികാരവും മക്ക ഉൾപ്പെടെയുള്ള വിശുദ്ധ കേന്ദ്രങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിൽ പാകിസ്ഥാൻ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ചെങ്കടൽ തീരപ്രദേശങ്ങളും തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്കും നിലവിലെ സംഘർഷത്തിന്റെ പ്രധാന കേന്ദ്രങ്ങളാണ്. സൗദിയിലേക്കുള്ള കപ്പൽ ഗതാഗതത്തെയും എണ്ണ കയറ്റുമതിയെയും ബാധിക്കാവുന്ന സാഹചര്യമാണ് ഇതോടെ രൂപപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
Comments ()