13 ലക്ഷം ഫോളോവേഴ്സ്; പാകിസ്ഥാനിൽ വനിതാ ഇൻഫ്ലുവൻസർ വെടിയേറ്റ് കൊല്ലപ്പെട്ടു
പാകിസ്ഥാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നാണ് സംഭവം. ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ടാക്സിലയിൽ സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഷംസോയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ലാഹോർ: പാകിസ്ഥാനിൽ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ കൊലപാതകം വീണ്ടും ചർച്ചയാകുന്നു. 28കാരിയായ ഷംസോ ബീബിയാണ് ടാക്സിലയിൽ വെടിയേറ്റ് മരിച്ചത്. ‘ഐഷ ഗിലാമന’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇവർക്ക് ഏകദേശം 13 ലക്ഷം ഫോളോവേഴ്സുണ്ടായിരുന്നു.
പാകിസ്ഥാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14നാണ് സംഭവം. ഇസ്ലാമാബാദിൽ നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ടാക്സിലയിൽ സഹോദരങ്ങൾക്കൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഷംസോയ്ക്ക് നേരെ ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ രണ്ട് പേർ കാറിനടുത്തെത്തി വെടിയുതിർക്കുകയായിരുന്നു. കഴുത്തിൽ വെടിയേറ്റ ഷംസോ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആക്രമണത്തെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. അപകടത്തിൽ ഷംസോയുടെ 15കാരിയായ സഹോദരി അസീമയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രദേശത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കേസിൽ നിർണായക തെളിവായേക്കാവുന്ന ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നു
കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കമുണ്ടാകാമെന്നാണ് ഷംസോയുടെ കുടുംബത്തിന്റെ ആരോപണം. കാഷിഫ് എന്നയാളുടെ ഫോൺ സന്ദേശത്തെ തുടർന്നാണ് ഷംസോ സഹോദരങ്ങൾക്കൊപ്പം വീട്ടിൽനിന്ന് പുറപ്പെട്ടതെന്ന് പിതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കൗസർ, ജാവേദ് എന്ന ഷാഹീൻ എന്നിവരുമായി ഷംസോയ്ക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കാഷിഫിന്റെ സഹായത്തോടെ ഇരുവരും ചേർന്ന് ആക്രമണം ആസൂത്രണം ചെയ്തതായും പിതാവ് സംശയം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ആരോപണങ്ങളുടെ യാഥാർഥ്യം വ്യക്തമായിട്ടില്ല.
സംഭവത്തിന് പിന്നാലെ കുടുംബം ഷംസോയുടെ ടിക് ടോക് അക്കൗണ്ട് മരവിപ്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പാകിസ്ഥാനിൽ വനിതാ ടിക് ടോക് താരങ്ങൾക്കെതിരായ അക്രമങ്ങൾ സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഷംസോയുടെ കൊലപാതകവും. കഴിഞ്ഞ ഒരു വർഷത്തിനിടെ സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട വനിതാ സോഷ്യൽ മീഡിയ താരങ്ങളുടെ പട്ടികയിൽ ഷംസോയും ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
Comments ()