കുളിമുറിയിലെ ടാങ്കിൽ രണ്ടു കുഞ്ഞുങ്ങൾ മരിച്ച സംഭവം; അമ്മയ്ക്ക് പിന്നാലെ ആൺസുഹൃത്തും പിടിയിൽ
കൊലപാതകം നടത്തുന്നതിന് നിവേദ്യയ്ക്ക് ഇയാൾ സഹായം നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് വിവരം
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ടു പിഞ്ചുകുട്ടികളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക്. കുട്ടികളുടെ അമ്മ നിവേദ്യയുടെ ആൺസുഹൃത്തിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തുന്നതിന് നിവേദ്യയ്ക്ക് ഇയാൾ സഹായം നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് വിവരം.
നിവേദ്യയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കേസിൽ മറ്റൊരാളുടെ പങ്ക് സംബന്ധിച്ച സൂചനകൾ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ ആൺസുഹൃത്തിനെ പൊലീസ് പിടികൂടിയത്. കുട്ടികൾ താമസിച്ചിരുന്ന വാടകവീടിന് സമീപത്താണ് ഇയാളും താമസിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. കുട്ടികളുടെ പിതാവിന്റെ സഹോദരി പ്രകടിപ്പിച്ച സംശയമാണ് മരണത്തിന് പിന്നിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തിന് വഴിയൊരുക്കിയത്.
ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29ന് രാവിലെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം മുങ്ങിമരണമെന്നാണ് കരുതിയിരുന്നതെങ്കിലും മരണത്തിൽ സംശയം ഉയർന്നതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്ന് വ്യക്തമായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയതായി നിവേദ്യ സമ്മതിച്ചതോടെ സെപ്റ്റംബർ 30ന് അറസ്റ്റ് ചെയ്തു. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എസ്. രജീഷിന്റെ നേതൃത്വത്തിൽ കേസിലെ തുടർനടപടികൾ പുരോഗമിക്കുകയാണ്.
Comments ()