പാലക്കാട്ട് ജ്വല്ലറിയിൽ വൻ കവർച്ച: ജീവനക്കാർക്കുനേരെ വെടിയുതിർത്ത് നാലംഗസംഘം

സംഘം ജ്വല്ലറിയിൽനിന്ന് 20 പവൻ കവർന്നു

പാലക്കാട്ട് ജ്വല്ലറിയിൽ വൻ കവർച്ച: ജീവനക്കാർക്കുനേരെ വെടിയുതിർത്ത് നാലംഗസംഘം

പാലക്കാട്: പെരുങ്ങോട്ടുകുറിശിയിൽ ജ്വല്ലറി ജീവനക്കാർക്ക് നേരെ വെടിയുതിർത്ത നാലംഗ സംഘം 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ഇഷാൻ ജ്വല്ലറിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30-നായിരുന്നു നാടിനെ നടുക്കിയ ഈ കവർച്ച നടന്നത്. സംഭവത്തിന് ശേഷം കാറിൽ തിരുവില്വാമല ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.

ഉടമ സനാദിന്റെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്. ഉച്ചഭക്ഷണം കഴിക്കാനായി സനാദും രണ്ട് ജീവനക്കാരും കടയുടെ പിൻഭാഗത്തേക്ക് പോയ സമയത്താണ് നാലംഗ സംഘം കാറിലെത്തിയത്. ഡ്രൈവർ കാറിൽ തന്നെ ഇരുന്നപ്പോൾ, മറ്റ് മൂന്ന് പേർ ജ്വല്ലറിക്കുള്ളിലേക്ക് കയറി സ്വർണമാല ആവശ്യപ്പെടുകയായിരുന്നു. കൗണ്ടറിലുണ്ടായിരുന്ന സനാദിന്റെ ഭാര്യ ദിവ്യയും മറ്റൊരു ജീവനക്കാരിയും മാല എടുത്തുനൽകുന്നതിനിടെ അക്രമികൾ പെട്ടെന്ന് തോക്ക് പുറത്തെടുക്കുകയും, മറ്റ് രണ്ട് പേർ കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു.

അലമാരയിൽ നിന്ന് ആഭരണപ്പെട്ടി കൈക്കലാക്കിയ സംഘത്തെ ദിവ്യയും ജീവനക്കാരിയും സ്റ്റൂളും മറ്റും ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചതോടെയാണ് അക്രമികൾ വെടിയുതിർത്തത്. വെടിയൊച്ച കേട്ട് സനാദും മറ്റുള്ളവരും ഓടിയെത്തിയപ്പോഴേക്കും സംഘം സ്വർണവുമായി കാറിൽ കടന്നുകളഞ്ഞിരുന്നു. തോക്കു ചൂണ്ടിയും കത്തി കാട്ടിയും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പ്രതികൾ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി.