പാന്‍ മസാല പ്രോത്സാഹിപ്പിച്ചു; ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ്

പാന്‍ മസാലയെ പ്രോത്സാഹിപ്പിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്ക് മഹാരാഷ്ട്ര ഫുഡ് ആന്‍ന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (FDA)നോട്ടീസ്

പാന്‍ മസാല പ്രോത്സാഹിപ്പിച്ചു; ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ്

മുംബൈ: പാൻ മസാല ഉൽപ്പന്നങ്ങളുടെ പരോക്ഷ പ്രചാരണത്തിൽ പങ്കാളികളായതിന് പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നോട്ടീസ് അയച്ചു. 'വിമൽ ഏലാഞ്ചി'യുടെ പരസ്യത്തിൽ അഭിനയിച്ചതിനെത്തുടർന്നാണ് നടപടി. മഹാരാഷ്ട്രയിൽ പാൻ മസാല ഉത്പാദനത്തിനും വിതരണത്തിനും സംഭരണത്തിനും പൂർണ നിരോധനമുള്ള സാഹചര്യത്തിൽ, ഇത്തരം വിപണന രീതികൾ പാൻ മസാല ബ്രാൻഡിന് പരോക്ഷമായി പ്രചാരം നൽകുന്നു എന്നാണ് എഫ്.ഡി.എയുടെ വിലയിരുത്തൽ.

പരസ്യം വിശദമായി പരിശോധിച്ചതിൽ നിന്ന് ഇത് പ്രഥമദൃഷ്ട്യാ പാൻ മസാല വിപണനം ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമായിട്ടുണ്ടെന്നും എഫ്.ഡി.എ അധികൃതർ വിശദീകരിക്കുന്നു. നിരോധിത ഉൽപ്പന്നങ്ങളുടെ പ്രചാരണത്തിനായി ഇത്തരത്തിൽ സർറോഗേറ്റ് (പരോക്ഷ) പരസ്യങ്ങൾ ഉപയോഗിക്കുന്നത് തങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പരസ്യത്തിലെ സംഭാഷണങ്ങൾ, അവതരണ രീതി, ഉൽപ്പന്നത്തിന്റെ പേര്, വിപണിയിലെ അന്തരീക്ഷം എന്നിവ പരിശോധിക്കുമ്പോൾ നിരോധിത ഉൽപ്പന്നത്തെ പ്രോത്സാഹിപ്പിക്കുന്നതാണോ ഇതെന്ന് ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, പരസ്യത്തിൽ ഓരോ താരത്തിനുമുള്ള പങ്ക് വ്യക്തമാക്കണമെന്നും എഫ്.ഡി.എ നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.