14 വർഷത്തിന് ശേഷം പാസ്‌പോർട്ട് ഫീസ് പുതുക്കി കേന്ദ്രം; സാധാരണ അപേക്ഷയ്ക്ക് 1,000 രൂപ കൂടും

പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

14 വർഷത്തിന് ശേഷം പാസ്‌പോർട്ട് ഫീസ് പുതുക്കി കേന്ദ്രം; സാധാരണ അപേക്ഷയ്ക്ക് 1,000 രൂപ കൂടും

ന്യൂഡല്‍ഹി: രാജ്യത്ത് പാസ്പോര്‍ട്ട് അപേക്ഷാ ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. 2012-ന് ശേഷം ആദ്യമായാണ് പാസ്പോര്‍ട്ട് നിരക്കുകളില്‍ മാറ്റം വരുത്തുന്നത്. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യയിലെ അപേക്ഷകര്‍ക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഈ നിരക്കുകള്‍ ബാധകമായിരിക്കും.

പാസ്‌പോര്‍ട്ട് പുതുക്കല്‍, നഷ്ടപ്പെട്ടതോ കേടുപാടുകള്‍ സംഭവിച്ചതോ ആയി പാസ്‌പോര്‍ട്ടിന് പകരം പുതിയതിന് അപേക്ഷിക്കല്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കും നിരക്ക് വര്‍ധന ബാധകമാണ്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയും 15 മുതല്‍ 18 വയസ്സുള്ള കുട്ടികള്‍ക്ക് 1750 രൂപയുമായിരിക്കും പുതിയ 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്. പ്രായപൂര്‍ത്തിയായവര്‍ക്ക് ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക.

തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനും ഫീസ് വര്‍ധനവുണ്ട്. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. തത്ക്കാലിന് 5000 രൂപയായും ഉയര്‍ത്തി. നിലവില്‍ 1500 രൂപയായിരുന്നു 36 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് നിരക്ക്. പുതുക്കിയ നിരക്ക് ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് നിലവില്‍ 27 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാം..