പാസ്‌പോർട്ട് സേവനങ്ങൾ ഇനി അൽഹിന്ദ് വഴി; യുഎഇയിൽ പുതിയ കോൺസുലാർ സേവന രീതി
ഇതോടെ കോൺസുലാർ സേവനങ്ങൾക്കായി എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ നേരിട്ട് അപേക്ഷ സമർപ്പിക്കാനാകില്ല. പകരം ഇതിനായി നിയോഗിച്ച ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളെയാണ് ഇനി സമീപിക്കേണ്ടത്
ദുബായ്: യുഎഇയിലെ ഇന്ത്യൻ എംബസിയുടെയും ദുബായ് കോൺസുലേറ്റിന്റെയും കോൺസുലാർ സേവനങ്ങൾ ഇനി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ സേവന കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. പാസ്‌പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി പുതിയ സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
ഇതോടെ കോൺസുലാർ സേവനങ്ങൾക്കായി എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ നേരിട്ട് അപേക്ഷ സമർപ്പിക്കാനാകില്ല. പകരം ഇതിനായി നിയോഗിച്ച ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളെയാണ് ഇനി സമീപിക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന തിരക്കും അപേക്ഷകളിലെ കാലതാമസവും പുതിയ സംവിധാനത്തിലൂടെ പരിഹരിക്കാനാണ് ലക്ഷ്യം.
സേവനം ലഭിക്കുന്നതിന് മുമ്പ് ഓൺലൈനായി അപ്പോയിന്റ്മെന്റ് നിർബന്ധമാണ്. consularsevainuae.com എന്ന വെബ്‌സൈറ്റ് വഴി തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 9 വരെ ലഭ്യമായ സമയങ്ങളിൽ അപേക്ഷകർക്ക് ബുക്കിങ് നടത്താം.
രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് എല്ലാ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെയും പ്രവർത്തനസമയം. അപ്പോയിന്റ്മെന്റ് നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ. പുതിയ സംവിധാനം വഴി പ്രവാസികൾക്ക് കൂടുതൽ ക്രമബദ്ധവും വേഗത്തിലുള്ളതുമായ സേവനം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
Comments ()