പേരുമാറി ദുബായ് മെട്രോ സ്റ്റേഷൻ: ഓൺപാസീവ് ഇനി 'ഗാർമിൻ'; വൻ കരാറുമായി ആർടിഎ
റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നിവയിലെ ബ്രാന്‍ഡഡ് സ്റ്റേഷനുകളുടെ പട്ടികയിലേക്കാണ് ഇനി ഗാര്‍മിന്‍ സ്റ്റേഷനും വരുന്നത്.
ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ഓണ്‍പാസീവ് (ONPASSIVE) മെട്രോ സ്റ്റേഷന്‍ ഇനി മുതല്‍ 'ഗാര്‍മിന്‍ മെട്രോ സ്റ്റേഷന്‍' എന്ന് അറിയപ്പെടും. റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും (RTA) പ്രമുഖ ആഗോള സാങ്കേതിക വിദ്യ ബ്രാന്‍ഡായ ഗാര്‍മിനും (Garmin) തമ്മില്‍ ഒപ്പുവെച്ച 10 വര്‍ഷത്തെ നാമകരണാവകാശ കരാറിന്റെ ഭാഗമായാണ് ഈ മാറ്റം. യുഎഇയിലെ ഗാര്‍മിന്റെ ഔദ്യോഗിക വിതരണക്കാരായ അമിത് റീട്ടെയില്‍ (AMIT Retail) വഴിയാണ് ഈ തന്ത്രപ്രധാനമായ കരാര്‍ നടപ്പിലാക്കിയത്.
അല്‍ ഖൂസിനും അല്‍ സഫയ്ക്കും ഇടയിലുള്ള ഈ സ്റ്റേഷന് തുടക്കത്തില്‍ 'നൂര്‍ ബാങ്ക് മെട്രോ സ്റ്റേഷന്‍' എന്നായിരുന്നു പേര്. പിന്നീട് 2020 നവംബറില്‍ 'അല്‍ സഫ സ്റ്റേഷന്‍' എന്നും 2023 ജനുവരിയില്‍ എഐ കമ്പനിയായ ഓണ്‍പാസീവ് നാമകരണാവകാശം സ്വന്തമാക്കിയപ്പോള്‍ 'ഓൺപാസീവ് സ്റ്റേഷൻ' എന്നും പേരുമാറ്റിയിരുന്നു. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലായി പുതിയ പേര് പൂര്‍ണ്ണമായും നിലവില്‍ വരും.
ഈ സഹകരണം ദുബായ് മെട്രോയിലേക്ക് കൂടുതല്‍ പ്രമുഖ ബ്രാൻഡുകളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് ആര്‍ടിഎ റെയില്‍ ഏജന്‍സി സിഇഒ അബ്ദുള്‍ മൊഹ്സെന്‍ കല്‍ബത്ത് പ്രത്യാശ പ്രകടിപ്പിച്ചു. 2009-ല്‍ ആരംഭിച്ച ഈ പദ്ധതി സ്വകാര്യ കമ്പനികള്‍ക്ക് മികച്ച ബ്രാന്‍ഡ് സാനിധ്യം ഉറപ്പാക്കാന്‍ അവസരം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായുടെ പൊതുഗതാഗത ശൃംഖലയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും യാത്രക്കാര്‍ക്ക് സുഗമമായ യാത്രാനുഭവം നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗാര്‍മിന്‍ സിഇഒ ക്ലിഫ്റ്റണ്‍ പെംബിള്‍ വ്യക്തമാക്കി. പേരുമാറ്റത്തിന്റെ ഭാഗമായി സ്റ്റേഷനുള്ളിലെയും പുറത്തെയും സൈന്‍ബോര്‍ഡുകള്‍, ഡിജിറ്റല്‍ സ്ക്രീനുകള്‍, ആര്‍ടിഎ ആപ്പുകള്‍, ട്രെയിനുകളിലെ ഓഡിയോ പ്രഖ്യാപനങ്ങള്‍ എന്നിവയെല്ലാം ഉടന്‍ തന്നെ പുതുക്കുന്നതാണ്. മാറ്റത്തിന്റെ ഈ പരിവര്‍ത്തന ഘട്ടത്തില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും നല്‍കുന്നതിനായി ആര്‍ടിഎയുടെ പ്രത്യേക സംഘങ്ങളെ സ്റ്റേഷനുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
Comments ()