കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഫോൺ പിടിച്ചുപറി; ലൊക്കേഷൻ ട്രാക്ക് ചെയ്ത് കള്ളനെ പൊക്കി റെയിൽവേ പൊലീസ്
മാടായി സ്വദേശിയായ വിജു (37) എന്നയാളെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. മാടായി സ്വദേശിയായ വിജു (37) എന്നയാളെയാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കോഴിക്കോട്-മംഗലാപുരം ട്രെയിനിലാണ് സംഭവം നടന്നത്. റെയില്‍വേ പ്ലാറ്റ്ഫോമും പരിസരവും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളാണ് പിടിയിലായ വിജു എന്ന് പൊലീസ് വ്യക്തമാക്കി.
കോഴിക്കോട്-മംഗലാപുരം ട്രെയിന്‍ കണ്ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് കാസര്‍കോട് സ്വദേശിയായ മധ്യവയസ്‌കന്റെ ഫോണ്‍ വിജു തട്ടിയെടുത്തത്. സീറ്റില്‍ കവറില്‍ സൂക്ഷിച്ചിരുന്ന ഫോണുമായി ട്രെയിന്‍ എടുക്കുന്ന വേളയില്‍ വിജു പുറത്തേക്ക് ചാടി ഓടുകയായിരുന്നു.
യാത്രക്കാരന്‍ ഉടനടി റെയില്‍വേ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അതിവേഗ അന്വേഷണം ആരംഭിച്ചു. ഫോണിന്റെ ലൊക്കേഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് തന്നെയുണ്ടെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. പ്രതി കറുത്ത ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍, രാത്രി ഏഴരയോടെ സ്റ്റേഷന്‍ പരിസരത്തുനിന്നുതന്നെ പ്രതിയെ പൊലീസ് പിടികൂടി.
Comments ()