ഫോണ്‍ അപ്‌ഡേഷനിടെ 98,666 രൂപ നഷ്ടപ്പെട്ടു; പരാതിയുമായി പറവൂര്‍ സ്വദേശി
98,666 രൂപ നഷ്ടപ്പെട്ടതായാണ് പരാതി. സംഭവത്തില്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനിടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 98,666 രൂപ നഷ്ടപ്പെട്ടതായി പരാതി. കൊച്ചി പറവൂര്‍ ചിറ്റാറ്റുകര പൂയപ്പിള്ളി സ്വദേശിയുടെ ഇന്ത്യന്‍ ബാങ്ക് പറവൂര്‍ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ഒന്‍പതാം തീയതി വൈകീട്ട് മൂന്ന് മണിയോടെ ഫേസ്ബുക്ക് ഉപയോഗിച്ച ശേഷം ബാക്ക് ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ഫോണ്‍ തനിയെ അപ്‌ഡേഷനിലേക്ക് പോവുകയായിരുന്നു. 91 ശതമാനത്തില്‍ വെച്ച് ഫോണ്‍ നിശ്ചലമാവുകയും, ഏകദേശം അരമണിക്കൂറിന് ശേഷമാണ് പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തത്. പിന്നീട് രാത്രി ഏഴ് മണിയോടെ ഫോണ്‍ നോക്കിയപ്പോഴാണ് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ട വിവരം ഉടമ അറിയുന്നത്.
പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട എസ്എംഎസ് സന്ദേശങ്ങളൊന്നും ഫോണില്‍ ലഭിച്ചിരുന്നില്ല. വിവരം അറിഞ്ഞ ഉടന്‍ തന്നെ ബാങ്ക് കസ്റ്റമര്‍ കെയറില്‍ വിളിച്ച് എടിഎം കാര്‍ഡും അക്കൗണ്ട് ഇടപാടുകളും മരവിപ്പിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലില്‍ നല്‍കിയ പരാതിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍, തെലങ്കാനയിലെ യുടിഐ ബാങ്കില്‍ 'ദിവ്യ' എന്നയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Comments ()