സൗദിയിൽ വാഹനാപകടം; ഒട്ടകക്കൂട്ടത്തിലേക്ക് പിക്കപ്പ് ഇടിച്ചുകയറി മൂന്ന് മരണം
തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശി ഗംഗാരാജം സുനഗപക്ക (52), പാകിസ്താൻ സ്വദേശികളായ ഹസൻ അക്തർ അസീസുറഹ്മാൻ (49), റിസ്വാൻ അലി ഷേർറഹ്മാൻ (47) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയായ മറ്റൊരു ജീവനക്കാരനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
റിയാദ്: സൗദി അറേബ്യയിലെ അൽ അഹ്‌സ-സൽവ റോഡിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരനടക്കം മൂന്ന് നിർമാണത്തൊഴിലാളികൾ മരിച്ചു. ഖത്തർ അതിർത്തിക്ക് സമീപം ഞായറാഴ്ച പുലർച്ചെയാണ് അപകടം. റോഡിലുണ്ടായിരുന്ന ഒട്ടകക്കൂട്ടത്തിലേക്ക് ജീവനക്കാർ സഞ്ചരിച്ച പിക്കപ്പ് വാൻ ഇടിച്ചുകയറിയതാണ് അപകടത്തിന് കാരണമായത്.
തെലങ്കാനയിലെ ഹൈദരാബാദ് സ്വദേശി ഗംഗാരാജം സുനഗപക്ക (52), പാകിസ്താൻ സ്വദേശികളായ ഹസൻ അക്തർ അസീസുറഹ്മാൻ (49), റിസ്വാൻ അലി ഷേർറഹ്മാൻ (47) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയായ മറ്റൊരു ജീവനക്കാരനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു. നിർമാണ കമ്പനിയിലെ ജീവനക്കാർ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ദുരന്തമുണ്ടായത്. അൽ അഹ്‌സയിലെ കമ്പനി പദ്ധതി പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ റിയാദിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം സംഭവിച്ചത്.
മരിച്ച ഗംഗാരാജം സുനഗപക്കയുടെ മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നിയമനടപടികൾ അൽ അഹ്‌സയിൽ പുരോഗമിക്കുകയാണ്. ഒ.ഐ.സി.സി വെൽഫെയർ വിഭാഗം ഭാരവാഹി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് നടപടികൾ ഏകോപിപ്പിക്കുന്നത്.
Comments ()