പ്രിയദര്‍ശിനിക്ക് ശേഷം 'പിങ്ക് ബസ്': വനിതകള്‍ക്ക് സുരക്ഷിത രാത്രി യാത്രയൊരുക്കാന്‍ കെഎസ്ആര്‍ടിസി

ഉദ്ഘാടനം ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ വച്ച് ഗതാഗത മന്ത്രി സി.പി. ജോണ്‍ നിര്‍വഹിക്കും.

പ്രിയദര്‍ശിനിക്ക് ശേഷം 'പിങ്ക് ബസ്': വനിതകള്‍ക്ക് സുരക്ഷിത രാത്രി യാത്രയൊരുക്കാന്‍ കെഎസ്ആര്‍ടിസി

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി നടപ്പിലാക്കുന്ന 'പിങ്ക് ബസ്' പരീക്ഷണ സര്‍വീസുകള്‍ക്ക് ഇന്ന് തുടക്കമാകും. സര്‍ക്കാരിന്റെ നൂറു ദിന കര്‍മപരിപാടികളുടെ ഭാഗമായുള്ള ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ വച്ച് ഗതാഗത മന്ത്രി സി.പി. ജോണ്‍ നിര്‍വഹിക്കും. വനിതാ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതവും വിശ്വസനീയവുമായ രാത്രിയാത്രാ സൗകര്യം ഒരുക്കുന്നതിനായാണ് കെഎസ്ആര്‍ടിസി 'പിങ്ക് ബസ്' സര്‍വീസ് ആരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാര്‍ക്ക് റൂട്ടില്‍ സര്‍വീസ് ആരംഭിക്കും. കിഴക്കേകോട്ടയില്‍ നിന്ന് ആരംഭിക്കുന്ന ബസ് തമ്പാനൂര്‍, പട്ടം, മെഡിക്കല്‍ കോളേജ് (ആര്‍സിസി), ഉള്ളൂര്‍, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോസിസ്, ലുലു മാള്‍, കിംസ് ആശുപത്രി എന്നിവിടങ്ങള്‍ വഴി സര്‍വീസ് നടത്തും.

രാത്രി ഒന്‍പത് മണിക്ക് ശേഷം നഗരത്തിലെത്തുന്ന വനിതാ യാത്രക്കാര്‍, ആശുപത്രി ജീവനക്കാര്‍, സിനിമ കഴിഞ്ഞിറങ്ങുന്നവര്‍, ട്രെയിന്‍ മാര്‍ഗം തമ്പാനൂരിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും, രാത്രി പത്തിനും രാവിലെ അഞ്ചിനുമിടയിലുള്ള ഷിഫ്റ്റുകളില്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന ഐടി ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഈ സര്‍വീസ് വലിയ ആശ്വാസമാകും.