ലോൺ എടുത്ത് കാർ വാങ്ങണോ? ദീർഘകാല സാമ്പത്തിക നേട്ടം ഏത് മാർഗത്തിൽ

ഉദാഹരണത്തിന്, പ്രതിമാസം ₹1 ലക്ഷം വരുമാനമുള്ള ഒരാൾ ₹10 ലക്ഷം വിലയുള്ള കാർ ലോൺ വഴി വാങ്ങുമ്പോൾ ഏകദേശം ₹20,000 മുതൽ ₹21,000 വരെ മാസ ഇഎംഐ വരാൻ സാധ്യതയുണ്ട്. 5 വർഷത്തെ കാലാവധിയിൽ ആകെ അടയ്ക്കേണ്ട തുക പലിശ ഉൾപ്പെടെ ₹12.5 ലക്ഷം വരെ എത്താമെന്നും വിദഗ്ധർ പറയുന്നു.

ലോൺ എടുത്ത് കാർ വാങ്ങണോ? ദീർഘകാല സാമ്പത്തിക നേട്ടം ഏത് മാർഗത്തിൽ

പുതിയ കാർ വാങ്ങാൻ പദ്ധതിയിടുന്നവർക്കിടയിൽ ഏറ്റവും വലിയ ആശയക്കുഴപ്പം ലോൺ എടുക്കണോ അതോ പണം നേരിട്ട് (റെഡി ക്യാഷ്) ഉപയോഗിക്കണോ എന്നതാണ്. ഈ വിഷയത്തിൽ സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പും നിർദ്ദേശങ്ങളും പങ്കുവെക്കുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, കാർ വാങ്ങുന്നതിന് മുമ്പ് വ്യക്തിഗത ബജറ്റ് കൃത്യമായി വിലയിരുത്തുന്നത് അത്യാവശ്യമാണ്. പ്രതിമാസ വരുമാനത്തിന്റെ വലിയൊരു ഭാഗം ഇഎംഐയ്ക്ക് മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ അത് മറ്റ് സാമ്പത്തിക ലക്ഷ്യങ്ങളെ ബാധിക്കാമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.

ഉദാഹരണത്തിന്, പ്രതിമാസം ₹1 ലക്ഷം വരുമാനമുള്ള ഒരാൾ ₹10 ലക്ഷം വിലയുള്ള കാർ ലോൺ വഴി വാങ്ങുമ്പോൾ ഏകദേശം ₹20,000 മുതൽ ₹21,000 വരെ മാസ ഇഎംഐ വരാൻ സാധ്യതയുണ്ട്. 5 വർഷത്തെ കാലാവധിയിൽ ആകെ അടയ്ക്കേണ്ട തുക പലിശ ഉൾപ്പെടെ ₹12.5 ലക്ഷം വരെ എത്താമെന്നും വിദഗ്ധർ പറയുന്നു.

കാർ ഒരു മൂല്യം കുറയുന്ന ആസ്തി (depreciating asset) ആയതിനാൽ, ലോൺ എടുത്ത് പലിശയും ചേർത്ത് അടച്ചതിന് ശേഷം വിൽക്കുമ്പോൾ വലിയ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ഇതിന് പകരം, ബജറ്റ് അനുവദിക്കുന്നവർ റെഡി ക്യാഷ് ഉപയോഗിച്ച് കാർ വാങ്ങുകയും, ലോൺ ഇഎംഐയ്ക്ക് സമാനമായ തുക മാസാന്ത നിക്ഷേപമായി SIP (Systematic Investment Plan) ആയി മാറ്റുകയും ചെയ്യുന്നത് കൂടുതൽ ലാഭകരമാകാമെന്നും നിർദ്ദേശിക്കുന്നു. ദീർഘകാലത്ത് ഇത് മികച്ച സമ്പാദ്യമായി വളരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നവർക്കും ഇതേ സമീപനം ബാധകമാണെന്നും, ലോൺ പലിശയും മൂല്യനഷ്ടവും ചേർന്നാൽ മൊത്തച്ചെലവ് കൂടുതലാകാമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ലോൺ തിരഞ്ഞെടുക്കുന്നവർ കുറഞ്ഞത് 20–40 ശതമാനം ഡൗൺ പേയ്‌മെന്റ് നൽകാനും, സാധ്യമെങ്കിൽ 3 വർഷത്തിനുള്ളിൽ ലോൺ തീർക്കാനും ശ്രമിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. കൂടാതെ മാസ ഇഎംഐ വരുമാനത്തിന്റെ 10 ശതമാനത്തിനുള്ളിൽ നിയന്ത്രിക്കുന്നത് സാമ്പത്തിക സുരക്ഷയ്ക്ക് സഹായകരമാണെന്നും അവർ പറയുന്നു-