'നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ല'; 'പ്രിയദർശിനി' ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ അവഹേളനം; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ കേസ്

ഗുരുവായൂര്‍-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദര്‍ശിനി ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി.

'നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ല'; 'പ്രിയദർശിനി' ബസിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ അവഹേളനം; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കെതിരെ കേസ്

ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ്പ് 'പ്രിയദർശിനി' ബസിലെ കണ്ടക്ടർ പ്ലസ് ടു വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തതായി പരാതി. സൗജന്യ യാത്രയ്ക്കുള്ള 'സീറോ ടിക്കറ്റ്' ചോദിച്ച പെൺകുട്ടിയോട് "കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ല" എന്ന് ആക്ഷേപിച്ച കണ്ടക്ടർ, ടിക്കറ്റിനായി പണം ആവശ്യപ്പെടുകയും മറ്റ് യാത്രക്കാരുടെ മുന്നിൽ വെച്ച് അധിക്ഷേപിച്ച് സംസാരിക്കുകയുമായിരുന്നു.

പെൺകുട്ടി പെണ്ണാണോ എന്നറിയാൻ വസ്ത്രം ഊരി പരിശോധിക്കേണ്ടി വരുമെന്നും നെറ്റിയിൽ എഴുതിയൊട്ടിക്കേണ്ടി വരുമെന്നും പറഞ്ഞ് പരസ്യമായി അവഹേളിച്ച കണ്ടക്ടർ, മറ്റ് യാത്രക്കാരോട് "ഇതിനെ കണ്ടാൽ പെണ്ണാണെന്ന് തോന്നുമോ" എന്ന് ചോദിച്ച് തനിക്കെതിരെ കളിയാക്കലുകൾക്ക് അവസരമൊരുക്കിയെന്നും പെൺകുട്ടി ആരോപിക്കുന്നു. ഈ സംഭവം തനിക്ക് കടുത്ത മാനസിക വിഷമവും നാണക്കേടും ഉണ്ടാക്കിയെന്നും, കുറ്റക്കാരനായ കണ്ടക്ടർക്കെതിരെ നിയമനടപടി സ്വീകരിച്ച് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥിനി പറവൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.