കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; 17കാരനെതിരെ വീണ്ടും പോക്സോ കേസ്
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയതിനെത്തുടർന്ന് അടുത്തിടെ കൗൺസലിങ്ങിനു വിധേയമാക്കിയപ്പോഴാണു കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്.
കൊല്ലം: കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട് പതിനേഴുകാരനെതിരെ പൊലീസ് വീണ്ടും പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ഏറെക്കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വിവിധ സ്ഥലങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നതായും തുടർന്ന് പതിനേഴുകാരൻ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നുമാണ് കുളത്തൂപ്പുഴ പൊലീസിന്റെ കണ്ടെത്തൽ.
പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അടുത്തിടെ കൗൺസലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അന്ന് തന്നെ ആൺകുട്ടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെ വയറുവേദനയെ തുടർന്ന് ഇന്നലെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രസവിക്കുകയുമായിരുന്നു. പ്രായത്തിൽ സംശയം തോന്നിയ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്.
തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് നിർദേശപ്രകാരം ചൈൽഡ്ലൈൻ പ്രവർത്തകർ എത്തി പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു. ചൈൽഡ്ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ പോക്സോ കേസ് കൂടി രജിസ്റ്റർ ചെയ്ത പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ പതിനേഴുകാരന് നോട്ടീസ് നൽകിയിട്ടുണ്ട്.
Comments ()