പ്രിൻസിപ്പാളിന്റെ വീട്ടിൽ മോഷണം, തടഞ്ഞപ്പോൾ 27 തവണ കുത്തിപ്പരുക്കേൽപ്പിച്ചു; കൊലപാതകത്തിൽ പത്താം ക്ലാസുകാർ അറസ്റ്റിൽ

തെലങ്കാനയിലെ സ്കൂൾ പ്രിൻസിപ്പാളിൻ്റെ കൊലപാതകത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിലായി.

പ്രിൻസിപ്പാളിന്റെ വീട്ടിൽ മോഷണം, തടഞ്ഞപ്പോൾ 27 തവണ കുത്തിപ്പരുക്കേൽപ്പിച്ചു; കൊലപാതകത്തിൽ പത്താം ക്ലാസുകാർ അറസ്റ്റിൽ

തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പാൾ കല്ലു രൂപ റെഡ്ഡി (50) കൊല്ലപ്പെട്ട സംഭവത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർ അറസ്റ്റിലായി. കൊണ്ടമല്ലെപ്പള്ളി നാഗാർജുന ഗ്രാമ്മർ കൺസെപ്റ്റ് സ്കൂൾ പ്രിൻസിപ്പാളായ രൂപ റെഡ്ഡിയെ ഓഗസ്റ്റ് 11-ന് ജെബി കോളനിയിലെ സ്വന്തം വീട്ടിലാണ് 27-ഓളം തവണ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവരുടെ ഭർത്താവ് രാജേന്ദർ റെഡ്ഡി ഹൈദരാബാദിലായിരുന്നു. വീട്ടിൽ നടന്ന മോഷണശ്രമം തടഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചത്. വീടുകളിൽ നിന്ന് രണ്ടര ലക്ഷത്തോളം രൂപയും കവർന്നിരുന്നു.

കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് രൂപ റെഡ്ഡി തന്റെ ആന്റിയുമായി ഫോണിൽ സംസാരിച്ചിരുന്നു. സംഭാഷണത്തിനിടെ ഫോൺ സ്വിച്ച് ഓഫാകുന്നതിന് തൊട്ടുമുമ്പ് ഇവർ 'ബാബു' എന്ന് വിളിച്ചതായി ആന്റി പോലീസിനോട് പറഞ്ഞു. സാധാരണയായി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന ഈ വാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴികാട്ടിയത്.

സ്കൂളിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ, പത്താം ക്ലാസുകാരായ രണ്ടു വിദ്യാർത്ഥികൾ പെട്ടെന്ന് ആർഭാടജീവിത നയിക്കുന്നതും പാർട്ടി നടത്തുന്നതും പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ഇവരിൽ നിന്ന് 1.51 ലക്ഷം രൂപയും ഒരു ഐഫോണും കണ്ടെടുത്തു. പണം മാതാപിതാക്കൾ നൽകിയതാണെന്ന് വിദ്യാർത്ഥികൾ അവകാശപ്പെട്ടെങ്കിലും, നോട്ടു കെട്ടുകളിൽ കണ്ടെത്തിയ രക്തക്കറ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരങ്ങൾ പുറത്തുവന്നത്.