കുംഭമേള വൈറൽ താരത്തിന് പൊലീസ് സംരക്ഷണം തുടരും; ഹർജികൾ തീർപ്പാകുന്നതുവരെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി
വിവാഹസമയത്ത് താൻ പ്രായപൂർത്തിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതിനായി പെണ്‍കുട്ടി വിവിധ രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു
കൊച്ചി: കുംഭമേളയിലൂടെ ശ്രദ്ധ നേടിയ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം തുടരാൻ ഹൈക്കോടതി നിർദേശം. പെണ്‍കുട്ടി നൽകിയ ഹർജികളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ സുരക്ഷ തുടരുമെന്ന് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.
വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കും ഭീഷണികൾക്കും പിന്നാലെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. മുസ്ലീം യുവാവിനെ വിവാഹം ചെയ്തതിനെ തുടർന്ന് തനിക്കെതിരെ ഭീഷണിയും വിദ്വേഷ പ്രചാരണവും നടക്കുന്നുവെന്നും നാട്ടിലേക്ക് മടങ്ങിയാൽ ജീവന് അപകടമുണ്ടാകുമെന്നുമാണ് ഹർജിയിലെ ആരോപണം. ദുരഭിമാനക്കൊലയുടെ സാധ്യതയുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു.
വിവാഹസമയത്ത് താൻ പ്രായപൂർത്തിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതിനായി പെണ്‍കുട്ടി വിവിധ രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. തദ്ദേശസ്ഥാപന അധികൃതർ നൽകിയ ജനന സർട്ടിഫിക്കറ്റും അതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ആധാർ രേഖകളും ഇതിൽ ഉൾപ്പെടുന്നു.
രേഖകൾ പരിശോധിച്ച കോടതി, പ്രഥമദൃഷ്ട്യാ വിവാഹം നടന്ന സമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയായിരുന്നുവെന്നാണ് വ്യക്തമാകുന്നതെന്ന് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള പൊലീസ് സുരക്ഷ ഹർജികളിലെ നടപടികൾ പൂർത്തിയാകുന്നതുവരെ തുടരാൻ കോടതി നിർദേശിച്ചത്.
Comments ()