'ഇത് ഇന്ത്യയിൽ മാത്രം സംഭവിക്കുന്നത്'; വൈറലായി പോളിഷ് യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങിയെങ്കിലും അത് ബാഗില്‍ വെക്കാന്‍ മറന്ന് താന്‍ കടയില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഡോമിനിക വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി: ഇന്ത്യയെ കുറിച്ച് തന്റെ ഒരു ഹൃദ്യമായ അനുഭവം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഡൊമിനിക പടാലസ് കല്‍റ എന്ന പോളിഷ് യുവതി. ഒരു മെഡിക്കല്‍ ഷോപ്പില്‍ താന്‍ അറിയാതെ മറന്നുവെച്ച മരുന്നുകള്‍, നാല് ദിവസങ്ങള്‍ക്ക് ശേഷവും അവിടെ സുരക്ഷിതമായി സൂക്ഷിച്ചുവെച്ച കാര്യമാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഡൊമിനിക വ്യക്തമാക്കുന്നത്. ഈയൊരു അനുഭവം തന്നെ ഏറെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തതായി അവര്‍ പറയുന്നു. ഇന്ത്യക്കാരുടെ ഈ കരുതലും സത്യസന്ധതയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്‍ ജനശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്.
മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നുകള്‍ വാങ്ങിയെങ്കിലും അത് ബാഗില്‍ വെക്കാന്‍ മറന്ന് താന്‍ കടയില്‍ തന്നെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഡോമിനിക വ്യക്തമാക്കുന്നു. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്ക് ഈ കാര്യം ഓര്‍മ്മ വന്നതും കടയിലേക്ക് തിരിച്ചെത്തിയതും.
'നാല് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു കെമിസ്റ്റ് ഷോപ്പില്‍ നിന്ന് കുറച്ച് മരുന്നുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ അത് ബാഗില്‍ വെക്കാന്‍ മറന്ന് ഞാന്‍ അവിടെത്തന്നെ ഉപേക്ഷിച്ചു. ഇത് പൂര്‍ണ്ണമായും എന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്. 4 ദിവസങ്ങള്‍ക്ക് ശേഷം ആ മരുന്നുകള്‍ ഇപ്പോഴും അവിടെയുണ്ടാകുമോ എന്ന് നോക്കാനാണ് ഞാന്‍ ഇപ്പോള്‍ പോകുന്നത്,' വീഡിയോയുടെ തുടക്കത്തില്‍ ഡോമിനിക പറയുന്നു.
തുടര്‍ന്ന് അവര്‍ കടയില്‍ കയറി ജീവനക്കാരനോട് മരുന്നിനെക്കുറിച്ച് തിരക്കുന്നതും വീഡിയോയിലുണ്ട്. 'നിങ്ങള്‍ പാക്ക് ചെയ്ത ഒരു പേപ്പര്‍ ബാഗ്...' എന്ന് ഡോമിനിക ചോദിച്ചു പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ, 'അതെ, അതെ, ഉണ്ട്' എന്ന് കടയുടമ സ്‌നേഹത്തോടെ മറുപടി നല്‍കുകയും, നാല് ദിവസമായി സുരക്ഷിതമായി സൂക്ഷിച്ചുവെച്ചിരുന്ന ആ പാക്കറ്റ് അവര്‍ക്ക് കൈമാറുകയും ചെയ്തു. ഒട്ടും പ്രതീക്ഷിക്കാതെ തന്റെ മരുന്ന് തിരികെ ലഭിച്ചതോടെ അതീവ സന്തോഷത്തോടെയും നന്ദിയോടെയുമാണ് ഡോമിനിക കടയില്‍ നിന്നും ഇറങ്ങിയത്.
Comments ()