പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് രാത്രി 12:45 വരെ വൈദ്യുതി നിയന്ത്രണം ദീർഘിപ്പിച്ചു

രാജ്യവ്യാപകമായ ക്ഷാമവും സെൻട്രൽ സ്റ്റേഷനുകളിൽ നിന്നുള്ള തടസ്സവും സ്ഥിതി രൂക്ഷമാക്കി.

പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് രാത്രി 12:45 വരെ വൈദ്യുതി നിയന്ത്രണം ദീർഘിപ്പിച്ചു

എൽനിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ, കെഎസ്ഇബി ഇന്ന് വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെ വിവിധ ഘട്ടങ്ങളിലായി വൈദ്യുതി നിയന്ത്രണ സമയം ദീർഘിപ്പിച്ചു. രാജ്യത്തുടനീളം വൈദ്യുതി ആവശ്യകത ഉയർന്നതോടെ പവർ എക്സ്ചേഞ്ചുകളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും, ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ ദൗർലഭ്യം പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.

സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വിതരണ തടസ്സവും മധ്യപ്രദേശിൽ നിന്നുള്ള കൈമാറ്റക്കരാറിലെ 200 മെഗാവാട്ടിന്റെ കുറവും സ്ഥിതി കൂടുതൽ വഷളാക്കി. സെപ്റ്റംബർ 10-ന് രാത്രി 10:30-ഓടെ രേഖപ്പെടുത്തിയ 5,450 മെഗാവാട്ട് അനിയന്ത്രിത ഡിമാൻഡ് സാധാരണ വേനൽക്കാലത്തെ ഉപയോഗത്തിന് തുല്യവും, കഴിഞ്ഞ വർഷത്തെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് പ്രതിദിനം 1,100 മെഗാവാട്ട് കൂടുതലുമാണ്. തുടർച്ചയായി മഴ മാറിനിൽക്കുന്നതും ഗ്രിഡ് ഫ്രീക്വൻസി താഴുന്നതും കാരണം 900 മുതൽ 1,000 മെഗാവാട്ട് വരെയുള്ള വൈദ്യുതി ലഭ്യതക്കുറവ് മറികടക്കാനാണ് കെഎസ്ഇബി അടിയന്തരമായി ഈ നിയന്ത്രണം ഏർപ്പെടുത്തിയത്.