തുടർച്ചയായ പത്താം ദിവസവും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതൽ പവർകട്ട്
തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്
തിരുവനന്തപുരം: വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാനാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെഎസ്ഇബി. വൈകിട്ട് 6.30 മുതൽ പുലർച്ചെ ഒരു മണിവരെയുള്ള ഉയർന്ന ഉപയോഗ സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തുക. തുടർച്ചയായ പത്താം ദിവസമാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം തവണ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. നിയന്ത്രണം ഏർപ്പെടുത്തുന്ന പ്രദേശങ്ങളും സമയവും മുൻകൂട്ടി അറിയിക്കുന്ന സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് സർക്കാരിന്റെ വിശദീകരണം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രതിദിന പരമാവധി ഉപയോഗം 3,794 മെഗാവാട്ടായിരുന്നെങ്കിൽ നിലവിൽ ഇത് ഏകദേശം 5,200 മെഗാവാട്ടിലെത്തി. അതേസമയം, ലഭ്യമായ വൈദ്യുതി ശേഷിയിൽ ഏകദേശം 900 മെഗാവാട്ടിന്റെ കുറവുണ്ട്. മഴയുടെ കുറവും ചൂടിന്റെ വർധനയും ജലവൈദ്യുതി ഉൽപാദനത്തെ ബാധിച്ചതിനൊപ്പം എസി ഉൾപ്പെടെയുള്ള ഉപകരണങ്ങളുടെ ഉപയോഗം കൂടിയതും ആവശ്യകത വർധിക്കാൻ കാരണമായി. പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെടലുകൾ നടത്തുകയാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
ഇതിനിടെ, സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വിവിധ മേഖലകളിൽ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആന്ധ്ര-ഒഡിഷ തീരത്തിന് സമീപം ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ട്.
Comments ()