ലോഡ് ഷെഡിങ്ങിന് ഇനി കൃത്യമായ സമയം; പവർകട്ട് വിവരം ഒന്നര മണിക്കൂർ മുൻപ് അറിയാം, ഏകീകൃത സമയക്രമം ഇന്ന് മുതൽ
ഓരോ പ്രദേശത്തും ഒരാഴ്ച മുഴുവൻ ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയിലാണ് ക്രമീകരണം. ഇതോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രദേശത്തെ പവർകട്ട് സമയം മുൻകൂട്ടി മനസ്സിലാക്കാനാകും
തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡ് ഷെഡിങ് കൂടുതൽ ക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ സംവിധാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓരോ പ്രദേശത്തും ഒരാഴ്ച മുഴുവൻ ഒരേ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന രീതിയിലാണ് ക്രമീകരണം. ഇതോടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പ്രദേശത്തെ പവർകട്ട് സമയം മുൻകൂട്ടി മനസ്സിലാക്കാനാകും.
വൈദ്യുതി നിയന്ത്രണം ആരംഭിക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് ഉപഭോക്താക്കളുടെ ഫോണിലേക്ക് സന്ദേശം ലഭിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കിയിരുന്നു. പരീക്ഷണം വിജയകരമായതിനെ തുടർന്നാണ് സംസ്ഥാനത്തുടനീളം സംവിധാനം നിലവിൽ വരുന്നത്.
അതേസമയം, വൈദ്യുതി പ്രതിസന്ധി നേരിടാൻ ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയിൽ 700 മെഗാവാട്ടിലധികം കുറവുണ്ടായതും ആശ്വാസമായി. ആവശ്യകതയും ലഭ്യതയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള നടപടികളും തുടരുകയാണ്.
Comments ()