ഒപ്പന മത്സരം തടസ്സപ്പെടുത്തി വൈദ്യുതി മുടക്കം; മറ്റൊരു ടീമിന് സമ്മാനം നൽകിയതിൽ പ്രതിഷേധം
സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി വിധികർത്താക്കൾ മറ്റൊരു ടീമിന് സമ്മാനം നൽകിയതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയത് തങ്ങളുടെ പിഴവല്ലെന്നായിരുന്നു കുട്ടികളുടെ പ്രതികരണം
മഞ്ചേരി: വൈദ്യുതി തടസ്സം മൂലം മലപ്പുറം മഞ്ചേരി ഉപജില്ലാ കലോത്സവത്തിലെ ഒപ്പന മത്സരത്തിനിടെ വിദ്യാർഥികൾക്ക് തിരിച്ചടി. മഞ്ചേരി ഗേൾസ് ഹൈസ്കൂളിലെ കുട്ടികൾ വേദിയിൽ പ്രകടനം നടത്തുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്. തുടർന്ന് സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി വിധികർത്താക്കൾ മറ്റൊരു ടീമിന് സമ്മാനം നൽകിയതോടെ വിദ്യാർഥികൾ പ്രതിഷേധിച്ചു. വൈദ്യുതി മുടങ്ങിയത് തങ്ങളുടെ പിഴവല്ലെന്നായിരുന്നു കുട്ടികളുടെ പ്രതികരണം.
വൈദ്യുതി നിലച്ചെങ്കിലും വിദ്യാർഥികൾ ഒപ്പന തുടരാൻ ശ്രമിച്ചിരുന്നു. എന്നാൽ പാട്ട് വ്യക്തമായി കേൾക്കാൻ കഴിയാതിരുന്നതിനാലും പ്രകടനം ശരിയായി വിലയിരുത്താൻ സാധിക്കാതിരുന്നതിനാലും മാർക്ക് നൽകാനാകില്ലെന്നാണ് വിധികർത്താക്കൾ അറിയിച്ചതെന്ന് അധ്യാപകൻ പറഞ്ഞു. കുട്ടികളുടെ പ്രകടനത്തെയും ആത്മവിശ്വാസത്തെയും പരിഗണിക്കാതെയുള്ള നിലപാടാണ് ഉണ്ടായതെന്നും ന്യായമായ വിധിനിർണയം നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സാഹചര്യത്തിൽ വിധികർത്താക്കളുടെ പ്രതികരണം അനുചിതമായിരുന്നുവെന്നും അധ്യാപകൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ സംഘാടക സമിതിക്ക് പരാതി നൽകിയിട്ടുണ്ട്. ഫലം പ്രഖ്യാപിച്ചുകഴിഞ്ഞതിനാൽ അപ്പീൽ നൽകാനാണ് നിർദേശം ലഭിച്ചതെന്ന് അധ്യാപകൻ വ്യക്തമാക്കി. അടുത്ത തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്ന വിധത്തിൽ റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ തുടർ അവസരം നഷ്ടമാകില്ലെന്ന പ്രതീക്ഷയിലാണ് മടങ്ങുന്നതെന്നും അധ്യാപകൻ കൂട്ടിച്ചേർത്തു.
Comments ()