വെള്ളപ്പൊക്കത്തിൽ വൈദ്യുതി മുടങ്ങി; ഓക്സിജൻ ഉപകരണത്തെ ആശ്രയിച്ചിരുന്ന രോഗിക്ക് ദാരുണാന്ത്യം

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ കഴിയുകയായിരുന്ന മോഹനൻ, ശ്വസനത്തിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്ററിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്.

വെള്ളപ്പൊക്കത്തിൽ വൈദ്യുതി മുടങ്ങി; ഓക്സിജൻ ഉപകരണത്തെ ആശ്രയിച്ചിരുന്ന രോഗിക്ക് ദാരുണാന്ത്യം

എടത്വ: അപ്രതീക്ഷിത വെള്ളപ്പൊക്കത്തെ തുടർന്ന് ഉണ്ടായ വൈദ്യുതി തടസ്സം ദുരന്തമായി മാറി. ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിൽ ചികിത്സയിലായിരുന്ന എടത്വ തലവടി ഗ്രാമപഞ്ചായത്തിലെ കറുത്തേരിൽ വീട്ടിൽ കെ.വി. മോഹനൻ (63) മരിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിൽ കഴിയുകയായിരുന്ന മോഹനൻ, ശ്വസനത്തിനായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസെൻട്രേറ്ററിനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നത്. എന്നാൽ പ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമായതോടെ വൈദ്യുതി വിതരണം നിലച്ചതും ഉപകരണം പ്രവർത്തനരഹിതമായതും ആരോഗ്യനില ഗുരുതരമാകാൻ ഇടയാക്കി.

തുടർന്ന് ബന്ധുക്കൾ മോഹനനെ എടത്വയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. വെള്ളപ്പൊക്ക സാഹചര്യങ്ങൾ മൂലം സംസ്കാര ക്രമീകരണങ്ങളും പ്രതിസന്ധിയിലായി. സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൗകര്യം ലഭിക്കാതിരിക്കുകയും വീട്ടുവളപ്പിൽ വെള്ളക്കെട്ട് തുടരുകയും ചെയ്തതിനാൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയാണ് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സംസ്കാരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.