സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു; ഇന്നും നാളെയും ജാഗ്രതാ നിർദ്ദേശം, വിലക്ക് ലംഘിച്ച് കടലിൽ പോകരുത്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുന്നു; ഇന്നും നാളെയും ജാഗ്രതാ നിർദ്ദേശം, വിലക്ക് ലംഘിച്ച് കടലിൽ പോകരുത്

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ എട്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം മോശം കാലാവസ്ഥയ്ക്കും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നത്.

ഇന്ന് കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയെന്ന് അറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.