വൈദ്യുതി മുടക്കം ഇനി വാട്സ്ആപ്പിലൂടെ അറിയിക്കും; കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം

ഓരോ സെക്ഷൻ ഓഫീസിന്റെയും പരിധിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കി വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് പങ്കുവെക്കണമെന്ന് മന്ത്രി നിർദേശിച്ചു

വൈദ്യുതി മുടക്കം ഇനി വാട്സ്ആപ്പിലൂടെ അറിയിക്കും; കെഎസ്ഇബിക്ക് മന്ത്രിയുടെ നിർദേശം

തൃശൂർ: സംസ്ഥാനത്ത് വൈദ്യുതി തടസവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കാൻ കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് കെഎസ്ഇബിക്ക് നിർദേശം നൽകി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഓരോ സെക്ഷൻ ഓഫീസിന്റെയും പരിധിയിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ സജീവമാക്കി വൈദ്യുതി തടസങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യസമയത്ത് പങ്കുവെക്കണമെന്ന് മന്ത്രി നിർദേശിച്ചു.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കെഎസ്ഇബിയുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിലായിരുന്നു മന്ത്രിയുടെ നിർദേശം. വൈദ്യുതി മുടക്കുകൾ പരമാവധി വേഗത്തിൽ പരിഹരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തണമെന്നും ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന പരാതികളോട് സൗഹാർദ്ദപരമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫോൺവിളികൾക്ക് മറുപടി ലഭിക്കാത്ത സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വൈദ്യുതി ഉത്പാദനം, വിതരണം, പ്രസരണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിനായി മണ്ഡലതല സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും മന്ത്രി നിർദേശിച്ചു. എംഎൽഎമാരുടെ നേതൃത്വത്തിൽ രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ തദ്ദേശ സ്ഥാപന പ്രതിനിധികളെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി അവലോകന യോഗങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളുടെ സഹകരണത്തോടെ വൈദ്യുതി സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികൾ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി സംഘടിപ്പിക്കണമെന്നും, പൊതുജനങ്ങളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് കെഎസ്ഇബി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശിച്ചു.