വയറ്റിൽ കുഞ്ഞുമായി 42 കിലോമീറ്റർ ഓട്ടം; ന്യൂയോർക്ക് മാരത്തണിൽ വിസ്മയമായി ഡെയ്ഡ്രെ
നവംബർ ഒന്നിന് നടന്ന മത്സരം 4 മണിക്കൂർ 6 മിനിറ്റ് 55 സെക്കൻഡിലാണ് അവർ പൂർത്തിയാക്കിയത്. ഇതോടെ ഈ വർഷത്തെ ഏഴ് വേൾഡ് മാരത്തൺ മേജർ മത്സരങ്ങളും വിജയകരമായി ഫിനിഷ് ചെയ്തു
ന്യൂയോർക്ക്: 34 ആഴ്ച ഗർഭിണിയായിരിക്കെ ന്യൂയോർക്ക് സിറ്റി മാരത്തൺ പൂർത്തിയാക്കി ശ്രദ്ധേയ നേട്ടവുമായി 38കാരിയായ ഡെയ്ഡ്രെ കീൻ. നവംബർ ഒന്നിന് നടന്ന മത്സരം 4 മണിക്കൂർ 6 മിനിറ്റ് 55 സെക്കൻഡിലാണ് അവർ പൂർത്തിയാക്കിയത്. ഇതോടെ ഈ വർഷത്തെ ഏഴ് വേൾഡ് മാരത്തൺ മേജർ മത്സരങ്ങളും വിജയകരമായി ഫിനിഷ് ചെയ്തു. ടോക്കിയോ, ബോസ്റ്റൺ, ലണ്ടൻ, സിഡ്നി, ബെർലിൻ, ചിക്കാഗോ, ന്യൂയോർക്ക് എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങൾ.
മാർച്ചിലെ ടോക്കിയോ മാരത്തണിന് ശേഷം ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഓട്ടം പൂർണമായി ഉപേക്ഷിക്കാൻ കീൻ തയ്യാറായില്ല. ഡോക്ടറുടെ അനുമതിയോടെയും ഭർത്താവ് ബ്രയാന്റെ പിന്തുണയോടെയുമായിരുന്നു തുടർന്നുള്ള മത്സരങ്ങൾ. ശാരീരിക സമ്മർദം കുറയ്ക്കുന്നതിനായി അയൺമാൻ മത്സരവും ഒരു അൾട്രാമാരത്തണും ഒഴിവാക്കി. ആവശ്യത്തിന് വെള്ളവും പോഷകാഹാരവും ഉറപ്പാക്കാനും അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഓട്ടം നിർത്താനും ഡോക്ടർ നിർദേശിച്ചിരുന്നു. ഗർഭകാലത്തിന്റെ 25, 29, 31 ആഴ്ചകളിൽ യഥാക്രമം സിഡ്നി, ബെർലിൻ, ചിക്കാഗോ മാരത്തണുകളും അവർ പൂർത്തിയാക്കി.
മാരത്തൺ രംഗത്ത് നേരത്തെയും നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ഡെയ്ഡ്രെ ഇതുവരെ 74 മാരത്തണുകളും അൾട്രാമാരത്തണുകളും പൂർത്തിയാക്കിയിട്ടുണ്ട്. 2023ൽ ഏഴ് ദിവസത്തിനുള്ളിൽ ഏഴ് ഭൂഖണ്ഡങ്ങളിലായി ഏഴ് മാരത്തണുകൾ പൂർത്തിയാക്കുന്ന വേൾഡ് മാരത്തൺ ചലഞ്ചിലും പങ്കെടുത്തിരുന്നു. അന്ന് വനിതകളിൽ ഏറ്റവും വേഗത്തിൽ ഈ വെല്ലുവിളി പൂർത്തിയാക്കിയ താരമെന്ന നേട്ടവും അവർ സ്വന്തമാക്കി.
Comments ()