സൗദി ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുക്കം; പുതിയ ലോഗോയും വിഷ്വൽ ഐഡൻറിറ്റിയും പുറത്തിറങ്ങി
സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി ആൽ അൽഷൈഖ് പുതിയ വിഷ്വൽ ഐഡൻറിറ്റി പ്രഖ്യാപിച്ചു. ദേശീയ ദിനവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും ഏകീകൃത രൂപം നൽകുന്നതിനായി സമഗ്രമായ വിഷ്വൽ ഗൈഡും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്
റിയാദ്: സെപ്റ്റംബർ 23-ന് ആചരിക്കുന്ന സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ഈ വർഷത്തേക്കുള്ള ഔദ്യോഗിക വിഷ്വൽ ഐഡൻറിറ്റിയും ലോഗോയും പുറത്തിറക്കി. ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന പ്രമേയമാണ് ഇത്തവണയും ദേശീയ ദിനാഘോഷങ്ങളുടെ മുഖ്യ സന്ദേശമായി തുടരുന്നത്.
സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി (GEA) ചെയർമാൻ തുർക്കി ആൽ അൽഷൈഖ് പുതിയ വിഷ്വൽ ഐഡൻറിറ്റി പ്രഖ്യാപിച്ചു. ദേശീയ ദിനവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങൾക്കും പ്രചാരണ പ്രവർത്തനങ്ങൾക്കും ഏകീകൃത രൂപം നൽകുന്നതിനായി സമഗ്രമായ വിഷ്വൽ ഗൈഡും ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്.
സൗദി ജനതയുടെ പാരമ്പര്യവും ദേശീയ അഭിമാനവും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുതിയ ഡിസൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ധൈര്യം, ദീർഘവീക്ഷണം, തനിമ, നിശ്ചയദാർഢ്യം, ഔദാര്യം, ആതിഥ്യമര്യാദ എന്നീ സൗദി സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ് വിഷ്വൽ ഐഡൻറിറ്റിയുടെ പ്രധാന പ്രചോദനമായി ഉൾക്കൊണ്ടിരിക്കുന്നത്.
പ്രധാന മുദ്രാവാക്യത്തിന് പുറമെ, ‘നമ്മുടെ അഭിമാനം നമ്മുടെ ധൈര്യത്തിലാണ്’, ‘നമ്മുടെ അഭിമാനം നമ്മുടെ ദീർഘവീക്ഷണത്തിലാണ്’, ‘നമ്മുടെ അഭിമാനം നമ്മുടെ തനിമയിലാണ്’, ‘നമ്മുടെ അഭിമാനം നമ്മുടെ നിശ്ചയദാർഢ്യത്തിലാണ്’, ‘നമ്മുടെ അഭിമാനം നമ്മുടെ ഔദാര്യത്തിലാണ്’, ‘നമ്മുടെ അഭിമാനം നമ്മുടെ ആതിഥ്യമര്യാദയിലാണ്’ എന്നീ ഉപസന്ദേശങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. സൗദി പൗരന്മാരുടെ വ്യത്യസ്തമായ സ്വഭാവഗുണങ്ങളെ എടുത്തുകാട്ടുകയാണ് ഈ സന്ദേശങ്ങളുടെ ലക്ഷ്യം.
രാജ്യത്തിന്റെ പരമ്പരാഗത നെയ്ത്തുകലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജ്യാമിതീയ രൂപങ്ങളും അലങ്കാര ശൈലികളും സംയോജിപ്പിച്ചാണ് വിഷ്വൽ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. ഡിസൈനിന്റെ വിവിധ ഭാഗങ്ങളിൽ സൗദി ഫോണ്ട് ഉപയോഗിച്ചതിലൂടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും ദേശീയ ഐക്യവും കൂടുതൽ ഊന്നിപ്പറയുന്നുണ്ട്.
ദേശീയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സർക്കാർ, സ്വകാര്യ, ലാഭരഹിത സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും ഔദ്യോഗിക പ്രചാരണ സാമഗ്രികളിലും ഈ വിഷ്വൽ ഐഡൻറിറ്റിയും അംഗീകൃത ഗൈഡ്‌ലൈനുകളും നിർബന്ധമായും പാലിക്കണമെന്ന് ജനറൽ എൻറർടൈൻമെൻറ് അതോറിറ്റി നിർദേശിച്ചു.
Comments ()