സംസ്ഥാനത്ത് നിത്യോപയോഗ സാധന വില കുതിച്ചുയരുന്നു; പൊന്നി അരിക്ക് ഒരു മാസം കൊണ്ട് കൂടിയത് 14 രൂപ
തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ 20 രൂപ കൂടി.
കോഴിക്കോട്: സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിന് വലിയ തിരിച്ചടിയാകുന്നു. മൊത്തവിപണിയിൽ വെറും ഒരു മാസംകൊണ്ട് പൊന്നി അരിക്ക് 14 രൂപയാണ് വർധിച്ചത്. ഓണക്കാലത്ത് 58 രൂപയായിരുന്ന പൊന്നി അരി വില ഇപ്പോൾ 73 രൂപയിലെത്തി. വിവിധതരം കുറുവ അരികൾക്കും കോല അരിക്കും വില കൂടിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മുതൽ കുതിച്ചുയരുന്ന ബിരിയാണി അരിയുടെ (കൈമ അരി) വില ഇടയ്ക്ക് ചെറുതായി കുറഞ്ഞെങ്കിലും നിലവിൽ 180 രൂപയായാണ് ഉയർന്നിരിക്കുന്നത്. അരിക്ക് പുറമെ പലവ്യഞ്ജന വിപണിയിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു മാസത്തിനിടെ തുവരപ്പരിപ്പിന് കിലോയ്ക്ക് 20 രൂപയും, വൻപയറിന് 14 രൂപയും, കടലയ്ക്ക് 10 രൂപയും, ഉഴുന്നിന് 8 രൂപയും വർധിച്ചു. ചെറുപയർ, പഞ്ചസാര തുടങ്ങിയ അവശ്യസാധനങ്ങളുടെ വിലയും ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ വിപണികളിൽ നിന്നുള്ള സൂചനകൾ അനുസരിച്ച് അടുത്ത മാസങ്ങളിലും വില കുറയാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
Comments ()