പ്രിയദർശിനി സർവീസുകൾ തിരിച്ചടി; സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്, നവംബർ മുതൽ അനിശ്ചിതകാല പണിമുടക്ക്

പ്രിയദർശിനി സർവീസുകളുടെ ഭാഗമായി സ്വകാര്യ ബസുകൾ വർഷങ്ങളായി സർവീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു. ഇതോടെ പല റൂട്ടുകളിലും സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.

പ്രിയദർശിനി സർവീസുകൾ തിരിച്ചടി; സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിലേക്ക്, നവംബർ മുതൽ അനിശ്ചിതകാല പണിമുടക്ക്

തൃശൂർ: കെഎസ്ആർടിസിയുടെ സൗജന്യ പ്രിയദർശിനി സർവീസുകൾ മൂലം സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു.

പ്രിയദർശിനി സർവീസുകളുടെ ഭാഗമായി സ്വകാര്യ ബസുകൾ വർഷങ്ങളായി സർവീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു. ഇതോടെ പല റൂട്ടുകളിലും സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ധനവിലയും മറ്റ് പ്രവർത്തനച്ചെലവുകളും ഉയർന്ന സാഹചര്യത്തിലും വിദ്യാർഥികളുടെ യാത്രാനിരക്കിൽ വർഷങ്ങളായി മാറ്റമുണ്ടായിട്ടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഘട്ടംഘട്ടമായുള്ള സമരത്തിനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്. ആദ്യപടിയായി ഒക്ടോബർ 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും. സർക്കാർ തുടർനടപടി സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ അവസാനത്തോടെ സെക്രട്ടേറിയറ്റിന് മുന്നിൽ ഭാരവാഹികൾ ഉപവാസ സമരം സംഘടിപ്പിക്കും.

ഇതിനുശേഷവും അനുകൂല തീരുമാനമുണ്ടാകാത്ത പക്ഷം സംയുക്ത സമരസമിതിയിലെ മറ്റ് സംഘടനകളുമായി ചർച്ച നടത്തി നവംബർ ആദ്യവാരം മുതൽ സർവീസുകൾ പൂർണമായി നിർത്തിവെക്കുന്ന അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്ന് ഫെഡറേഷൻ വ്യക്തമാക്കി. വിദ്യാർഥികളുടെ യാത്രാനിരക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അടിയന്തരമായി തീരുമാനം വേണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.