'മിനിമം ചാർജ് 15 രൂപയാക്കണം'; നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയില്‍ അറിയിച്ചു.

'മിനിമം ചാർജ് 15 രൂപയാക്കണം'; നവംബര്‍ മൂന്ന് മുതല്‍ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്. പ്രിയദർശിനി സൗജന്യ യാത്ര പദ്ധതിയിലൂടെയുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുക, മിനിമം ബസ് ചാർജ് 15 രൂപയായി വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസേഷൻ നിരക്ക് 5 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ മൂന്ന് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയിൽ പ്രഖ്യാപിച്ചു. ആറ് സംഘടനകൾ ചേർന്നുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. എന്നാൽ, കേരള ബസ് ട്രാൻസ്പോർട്ട് ഫെഡറേഷൻ ഈ സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയ റൂട്ടുകളിൽ ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാൻ പോലുമോ കഴിയാത്ത വിധം വലിയ പ്രതിസന്ധിയാണ് സ്വകാര്യ ബസ് ഉടമകൾ നേരിടുന്നത്. ഈ നഷ്ടം മറികടക്കാൻ സർക്കാർ പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. ദൈനംദിന ചെലവുകൾ വർധിക്കുന്ന സാഹചര്യത്തിൽ വരുമാനം മെച്ചപ്പെടുത്തുന്നതിനായി ബസ് ചാർജുകൾ കാലാനുസൃതമായി വർധിപ്പിക്കണമെന്നും ഉടമകൾ ആവശ്യപ്പെടുന്നു.

ഇതിനുപുറമെ, ടൈമിങ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിക്കുന്നുണ്ട്. പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ ബസ് ഉടമകളെയും ജീവനക്കാരെയും കുടുംബാംഗങ്ങളെയും അണിനിരത്തിക്കൊണ്ട് ഇതിന്റെ മുന്നോടിയായി ഈ മാസം 14-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചിരുന്നു.