ദുബായിൽ പുതിയ അധ്യയന വർഷത്തിൽ 26 സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നു
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സര്‍വകലാശാലാ പ്രവേശനത്തില്‍ 29 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്
പുതിയ അധ്യയന വർഷത്തിൽ ദുബായിൽ 26 പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ എമിറേറ്റിലെ വിദ്യാലയങ്ങളിൽ 17,000 പുതിയ സീറ്റുകൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് അന്താരാഷ്ട്ര സർവകലാശാലകൾ, ഏഴ് സ്കൂളുകൾ, 17 ഏർലി ചൈൽഡ്ഹുഡ് സെന്ററുകൾ (നഴ്സറികൾ) എന്നിവയാണ് പുതുതായി തുറക്കുന്നത്. ഹാരോ ഇന്റർനാഷണൽ സ്കൂൾ, ക്വീൻ എലിസബത്ത് സ്കൂൾ, റഗ്ബി സ്കൂൾ തുടങ്ങിയ പ്രമുഖ ബ്രിട്ടീഷ് സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ ഉൾപ്പെടെ നാല് സ്കൂളുകൾ ബ്രിട്ടീഷ് കരിക്കുലവും മൂന്നെണ്ണം ഇന്റർനാഷണൽ ബാക്കലേററ്റ് (IB) രീതിയുമാണ് പിന്തുടരുന്നത്. കൂടാതെ, പുതുതായി ആരംഭിക്കുന്ന 17 ഏർലി ചൈൽഡ്ഹുഡ് സെന്ററുകളിലായി 1,700 കുട്ടികൾക്ക് അധികമായി പ്രവേശനം നേടാനാകും.
ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റമാണ് എമിറേറ്റിൽ നടക്കുന്നത്. ലെബനനിലെ പ്രശസ്തമായ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബെയ്‌റൂത്ത് (AUB) ദുബായ് ക്യാമ്പസ് 2026 സെപ്റ്റംബറിലും, QS ആഗോള റാങ്കിങ്ങിൽ 47-ാം സ്ഥാനത്തുള്ള പെക്കിങ് യൂണിവേഴ്സിറ്റി HSBC ബിസിനസ് സ്കൂൾ (PHBS) തങ്ങളുടെ MBA പ്രോഗ്രാമുകൾ 2027 ജനുവരിയിലും ദുബായിൽ ആരംഭിക്കും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സർവകലാശാലാ പ്രവേശനത്തിൽ 29 ശതമാനം വർധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ പുതിയ മുന്നേറ്റങ്ങൾ.
Comments ()