സ്വകാര്യ ഫാർമസികളുടെ ലൈസൻസിംഗിലും മരുന്ന് വിതരണത്തിലും പുതിയ നിബന്ധനകളുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്തിലെ സ്വകാര്യ ഫാർമസികളുടെ ലൈസൻസിംഗ്, മരുന്ന് വിതരണം, ഹോം ഡെലിവറി എന്നിവ സംബന്ധിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസിംഗ്, മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിതരണം എന്നിവ സംബന്ധിച്ച് പുതിയ ചട്ടങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടുത്തി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം, മരുന്നുകളുടെ സംഭരണവും വിതരണവും, ഡോർ-സ്റ്റെപ്പ് ഡെലിവറി സേവനങ്ങൾ, ഫാർമസി ജീവനക്കാരുടെ മേൽനോട്ട ചുമതലകൾ എന്നിവ വ്യക്തമാക്കുന്ന സമഗ്രമായ നിയമാവലിയാണ് ഇതെന്നും കുവൈത്തി ഫാർമസിസ്റ്റുകൾ, സഹകരണ സംഘങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് ഫാർമസി ലൈസൻസ് നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ലൈസൻസ് കാലാവധി നാല് വർഷമായി നിജപ്പെടുത്തിയ പുതിയ ഉത്തരവിൽ ലൈസൻസ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നടപടികൾ, ഫാർമസിയുടെ സ്ഥാനമോ വിസ്തീർണമോ മാറ്റൽ, പുതിയ ഗോഡൗണുകൾ കൂട്ടിച്ചേർക്കൽ, താൽക്കാലികമായോ സ്ഥിരമായോ അടച്ചുപൂട്ടുന്നതും പുനരാരംഭിക്കുന്നതും, ഇവയ്ക്ക് ആവശ്യമായ പരിശോധനകളും അംഗീകാരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ വിശദമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Comments ()