സൗദിയിലെ വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയ സാന്നിധ്യം, മലയാളി പ്രൊഫസര്‍ അന്‍രൂപ് ബാലചന്ദ്രന്‍ വിടവാങ്ങി

കഴിഞ്ഞ 14 വർഷമായി അൽ ഹസ്സയിലെ കിങ് ഫഹദ് സർവകലാശാലയുടെ ഫാർമസി വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന അൻരൂപ് ബാലചന്ദ്രൻ ഗവേഷണ-അധ്യാപന രംഗത്തെ മികവിലൂടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു

സൗദിയിലെ വിദ്യാഭ്യാസരംഗത്തെ ശ്രദ്ധേയ സാന്നിധ്യം,  മലയാളി പ്രൊഫസര്‍ അന്‍രൂപ് ബാലചന്ദ്രന്‍ വിടവാങ്ങി

റിയാദ്: സൗദി അറേബ്യയിലെ വിദ്യാഭ്യാസ-ഗവേഷണ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന മലയാളി പ്രൊഫസർ അൻരൂപ് ബാലചന്ദ്രൻ (52) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിലെ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു അന്ത്യം. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ബുധനാഴ്ച പുലർച്ചെ ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചു.

കുടുംബവസതിയിൽ പൊതുദർശനത്തിനുശേഷം ഭൗതികശരീരം സംസ്കരിക്കും. അൽ ഹസ്സയിലെ ദോസ്തി ഇന്റർനാഷണൽ സ്കൂളിലെ അധ്യാപികയാണ് ഭാര്യ ചിത്ര.

കഴിഞ്ഞ 14 വർഷമായി അൽ ഹസ്സയിലെ കിങ് ഫഹദ് സർവകലാശാലയുടെ ഫാർമസി വിഭാഗത്തിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന അൻരൂപ് ബാലചന്ദ്രൻ ഗവേഷണ-അധ്യാപന രംഗത്തെ മികവിലൂടെ നിരവധി അംഗീകാരങ്ങൾ നേടിയിരുന്നു. വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ച് സൗദി സർക്കാർ അദ്ദേഹത്തിന് 'പ്രീമിയം ഇഖാമ' അനുവദിച്ചിരുന്നു. വിദേശ വിദഗ്ധർക്കുള്ള അപൂർവ ബഹുമതിയായാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും സൗദി പൊലീസ് അധികൃതരുടെയും സഹകരണത്തോടെ ചൊവ്വാഴ്ച രാവിലെയോടെ പൂർത്തിയാക്കി. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.

പ്രൊഫസർ അൻരൂപ് ബാലചന്ദ്രന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി ഉൾപ്പെടെ വിവിധ പ്രവാസി സംഘടനകളും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസരംഗത്തിനും മലയാളി പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടെന്ന് അനുശോചന സന്ദേശങ്ങളിൽ ചൂണ്ടിക്കാട്ടി.