വംശനാശ ഭീഷണിയിലുള്ള കുരങ്ങിനൊപ്പം വീഡിയോ; വിക്രമിന് തമിഴ്നാട് വനംവകുപ്പിന്റെ നോട്ടീസ്
കുരങ്ങിനൊപ്പമുള്ള വീഡിയോ എവിടെവെച്ചാണ് ചിത്രീകരിച്ചതെന്നും അതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും വിക്രം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയിലെത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും വനംവകുപ്പിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്.
ചെന്നൈ: വംശനാശ ഭീഷണി നേരിടുന്ന ലാർ ഗിബ്ബണിനൊപ്പമുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച സംഭവത്തിൽ നടൻ വിക്രമിന് തമിഴ്നാട് വനംവകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് നിർദേശം. സിനിമാ ലൊക്കേഷനിലെത്തിയാണ് ഉദ്യോഗസ്ഥർ നോട്ടീസ് കൈമാറിയത്.
കുരങ്ങിനൊപ്പമുള്ള വീഡിയോ എവിടെവെച്ചാണ് ചിത്രീകരിച്ചതെന്നും അതിനുള്ള സാഹചര്യം എന്തായിരുന്നുവെന്നും വിക്രം വിശദീകരിക്കണം. കുരങ്ങിനെ ഇന്ത്യയിലെത്തിച്ചതുമായി ബന്ധപ്പെട്ട രേഖകളും വനംവകുപ്പിന് മുന്നിൽ ഹാജരാക്കേണ്ടതുണ്ട്.
വിക്രമിന്റെ ബന്ധുവിന് കുരങ്ങിനെ കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണവും തുടരുകയാണ്. കുരങ്ങിനെ ചെന്നൈയിലെത്തിച്ചത് ഈറോഡ് സ്വദേശിയായ ഒരു വ്യവസായിയാണെന്നാണ് കണ്ടെത്തൽ. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഏഴ് ആഫ്രിക്കൻ കാട്ടുപൂച്ചകളെയും കണ്ടെത്തിയിരുന്നു. ഇവയിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ് എത്തിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും തമിഴ്നാട് വനംവകുപ്പ് നിർദേശിച്ചു.
സംരക്ഷിത വന്യജീവിയുമായി റീൽ ചിത്രീകരിച്ചതോടെയാണ് വിക്രം വിവാദത്തിലായത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ താരം അത് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു.
ദേശീയ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ലാർ ഗിബ്ബൺ. വിദേശ ഇനത്തിൽപ്പെട്ട ഈ കുരങ്ങ് ചെന്നൈയിലെത്തിയത് എങ്ങനെയാണെന്നും അതിനെ കൈവശം വയ്ക്കുന്നതിനും മറ്റൊരാൾക്ക് കൈമാറുന്നതിനും ആവശ്യമായ നിയമനടപടികൾ പാലിച്ചിട്ടുണ്ടോയെന്നും വനംവകുപ്പ് പരിശോധിച്ചുവരികയാണ്.
Comments ()