കാവേരി തർക്കം സിനിമയെയും ബാധിച്ചു; കർണാടകയിൽ വിജയ്‌യുടെ 'ജനനായകൻ' പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തം

കാവേരി ജല നിയന്ത്രണ അതോറിറ്റി തമിഴ്നാടിന് 15 ദിവസത്തേക്ക് 3,500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്

കാവേരി തർക്കം സിനിമയെയും ബാധിച്ചു; കർണാടകയിൽ വിജയ്‌യുടെ 'ജനനായകൻ' പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തം

ബെംഗളൂരു: കാവേരി നദീജല തർക്കം രൂക്ഷമായതോടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ പുതിയ ചിത്രം 'ജനനായകൻ' കർണാടകയിൽ പ്രതിഷേധം നേരിടുന്നു. മാണ്ഡ്യ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സിനിമയുടെ പ്രദർശനത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെ ചില തിയറ്ററുകളിൽ ഷോകൾ തടസപ്പെടുകയും പ്രദർശനങ്ങൾ റദ്ദാക്കുകയും ചെയ്തു.

കാവേരി ജല നിയന്ത്രണ അതോറിറ്റി തമിഴ്നാടിന് 15 ദിവസത്തേക്ക് 3,500 ക്യൂസെക്സ് വെള്ളം വിട്ടുനൽകാൻ കർണാടകയോട് നിർദേശിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ഇതിന്റെ ഭാഗമായാണ് കന്നഡ അനുകൂല സംഘടനകൾ വിജയ്‌യുടെ ചിത്രത്തിനെതിരെയും പ്രതിഷേധം വ്യാപിപ്പിച്ചത്.

മാണ്ഡ്യയിലെ ഒരു തിയറ്ററിന് മുന്നിൽ പ്രതിഷേധക്കാർ സിനിമയുടെ പോസ്റ്ററുകളും ഫ്ലെക്സുകളും നശിപ്പിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ചിലർ തിയറ്ററിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു. സംഘർഷസാധ്യത കണക്കിലെടുത്ത് പിന്നീട് നിശ്ചയിച്ചിരുന്ന ഷോകൾ തിയറ്റർ മാനേജ്മെന്റ് റദ്ദാക്കി. ബെംഗളൂരു, മൈസൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലും ചിത്രത്തിന്റെ പ്രദർശനത്തിനെതിരെ പ്രതിഷേധം തുടരുകയാണ്.