പ്രവാസികൾക്ക് ആശ്വാസം; തിരുവനന്തപുരത്ത് നിന്നും റിയാദിലേക്ക് ആഴ്ചയിൽ മൂന്ന് നേരിട്ടുള്ള വിമാനങ്ങൾ
നിലവിൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന യാത്രക്കാർക്ക് പുതിയ സർവീസ് നേരിട്ടുള്ള യാത്രാ സൗകര്യം നൽകും
റിയാദ്: റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഒക്ടോബർ 26 മുതൽ റിയാദ്–തിരുവനന്തപുരം റൂട്ടിൽ പുതിയ നേരിട്ടുള്ള സർവീസ് ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും സർവീസുകൾ.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് പുതിയ സർവീസ് നടത്തുക. തിരുവനന്തപുരത്ത് നിന്ന് ഐ.എക്സ്-521 വിമാനം രാവിലെ 11.35ന് പുറപ്പെട്ട് പ്രാദേശിക സമയം ഉച്ചയ്ക്ക് 3.05ന് റിയാദിലെത്തും. റിയാദിൽ നിന്ന് മടങ്ങുന്ന ഐ.എക്സ്-522 വിമാനം വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.50ന് തിരുവനന്തപുരത്ത് എത്തും.
നിലവിൽ കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന യാത്രക്കാർക്ക് പുതിയ സർവീസ് നേരിട്ടുള്ള യാത്രാ സൗകര്യം നൽകും. പ്രത്യേകിച്ച് റിയാദിലെ മലയാളി പ്രവാസികൾക്കും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ തെക്കൻ കേരള ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്കും സർവീസ് കൂടുതൽ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
നേരിട്ടുള്ള വിമാന സർവീസ് ലഭ്യമാകുന്നതോടെ യാത്രയ്ക്കിടയിലെ കാത്തിരിപ്പ് ഒഴിവാക്കാനും മൊത്തം യാത്രാസമയം കുറയ്ക്കാനും സാധിക്കും. റിയാദ്–തിരുവനന്തപുരം റൂട്ടിൽ പുതിയ സർവീസ് ആരംഭിക്കാനുള്ള തീരുമാനം പ്രവാസി യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണെന്ന് ഫ്ലൈൻകോ ട്രാവൽസിലെ മുഹമ്മദ് സാബിത്തും പ്രതികരിച്ചു.
പുതിയ സർവീസോടെ സൗദി തലസ്ഥാനവും കേരളത്തിന്റെ തെക്കൻ മേഖലയുമായുള്ള വിമാന കണക്റ്റിവിറ്റി കൂടുതൽ ശക്തമാകും.
Comments ()