പ്രവാസികളെ പിഴിഞ്ഞ് ദുബായിലെ വ്യാജ പണമിടപാട്; ഇരയായവരില്‍ ഭൂരിഭാഗവും മലയാളികള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതം

രാജസ്ഥാന്‍ സ്വദേശി നടത്തുന്ന നിയമവിരുദ്ധ പലിശ ഇടപാടുകളില്‍ മലയാളി പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിയതായി പരാതി.

പ്രവാസികളെ പിഴിഞ്ഞ് ദുബായിലെ വ്യാജ പണമിടപാട്; ഇരയായവരില്‍ ഭൂരിഭാഗവും മലയാളികള്‍, പോലീസ് അന്വേഷണം ഊര്‍ജ്ജിതം

ദുബായ്: യുഎഇയിലെ വ്യവസായ കേന്ദ്രമായ ദുബായ് നഗരം കേന്ദ്രീകരിച്ച് രാജസ്ഥാന്‍ സ്വദേശി നടത്തുന്ന നിയമവിരുദ്ധ പലിശ ഇടപാടുകളില്‍ മലയാളി പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങിയതായി പരാതി. ബര്‍ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ സംഘം പ്രവാസികളായ നിരവധി ആളുകളെ സാമ്പത്തിക ചൂഷണത്തിനും ഭീഷണിക്കും വിധേയരാക്കുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ കൊള്ളപ്പലിശ സംഘത്തിന്റെ ചതിക്കുഴിയില്‍ അകപ്പെട്ടവരില്‍ ഇരുനൂറിലേറെപ്പേരും മലയാളികളാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.

യുഎഇയില്‍ ലൈസന്‍സില്ലാതെ പലിശയ്ക്ക് പണം നല്‍കുന്നത് കടുത്ത നിയമലംഘനമാണെന്നിരിക്കെ, വസ്ത്രവ്യാപാര സ്ഥാപനങ്ങളുടെയും മറ്റും മറവിലാണ് ഇത് നടക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് നല്‍കുന്ന വായ്പകള്‍ക്ക് അമിത പലിശ ഈടാക്കുകയും, ജാമ്യമായി വാങ്ങുന്ന ബ്ലാങ്ക് ചെക്കുകളും പാസ്പോര്‍ട്ടുകളും ദുരുപയോഗം ചെയ്ത് കള്ളക്കേസുകള്‍ നല്‍കുകയും ചെയ്യുന്നതാണ് ഈ സംഘത്തിന്റെ രീതി.

ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ഇരുനൂറിലേറെ മലയാളികളുള്‍പ്പെടെ ഏകദേശം 286 പ്രവാസികളാണ് സ്വന്തം നാട്ടിലേക്ക് പോലും പോകാന്‍ പറ്റാതെ യാത്രാവിലക്ക് നേരിടുന്നത്. വായ്പ തിരിച്ചടച്ചവര്‍ പോലും രേഖകള്‍ തിരികെ ലഭിക്കാതെ നിയമക്കുരുക്കിലാണ്. അമിത പലിശ ഈടാക്കുന്ന സംഘം, തിരിച്ചടവ് പൂര്‍ത്തിയാക്കിയാലും ചെക്കുകളില്‍ വലിയ തുകകള്‍ വ്യാജമായി എഴുതിച്ചേര്‍ത്ത് ബാങ്കില്‍ സമര്‍പ്പിക്കുകയും, കേസ് നല്‍കി ഇരകളെ യാത്രാതടസ്സത്തിലാക്കി വന്‍തുക കൈക്കലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വിഷയത്തില്‍ മധ്യസ്ഥതയ്‌ക്കോ നിയമപരമായ പരിഹാരത്തിനോ ശ്രമിച്ചാലും തട്ടിപ്പ് സംഘം വഴങ്ങുന്നില്ലെന്ന് ഇരകള്‍ പറയുന്നു.

ഇത്തരം കള്ളകേസുകളില്‍ പെട്ടതോടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ പ്രവാസികള്‍ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധി ഇന്ത്യന്‍ കോണ്‍സുലേറ്റും പ്രവാസി സംഘടനകളും ഗൗരവമായി കാണുന്നുണ്ട്. നിയമവിരുദ്ധ പണമിടപാടുകള്‍ യുഎഇ നിയമപ്രകാരം വലിയ കുറ്റമാണ്. ദുബായ് അധികാരികള്‍ക്ക് മുമ്പാകെ ഇരകള്‍ ഔദ്യോഗികമായി പരാതി സമര്‍പ്പിച്ച സാഹചര്യത്തില്‍, സംഭവത്തില്‍ ശക്തമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസി സമൂഹം.