യാത്രക്കാർക്ക് ആശ്വാസം; ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ എത്തി, യാത്ര ഇനി കൂടുതൽ സുഖകരം
നിലവിലെ ജനശതാബ്ദി കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന പരാതി യാത്രക്കാരിൽനിന്ന് വ്യാപകമായി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സൗകര്യപ്രദമായ പുഷ്ബാക്ക് സീറ്റുകളുള്ള കോച്ചുകൾ അനുവദിച്ചത്
തിരുവനന്തപുരം: ജനശതാബ്ദി എക്സ്പ്രസിലെ യാത്രക്കാരുടെ ദീർഘകാല പരാതിക്ക് പരിഹാരമായി പുഷ്ബാക്ക് സീറ്റുകളുള്ള പുതിയ കോച്ചുകൾ സർവീസിൽ ഉൾപ്പെടുത്തുന്നു. തിരുവനന്തപുരം–കണ്ണൂർ ശതാബ്ദിയിലാണ് പരിഷ്കരിച്ച കോച്ചുകൾ ആദ്യമായി എത്തുന്നത്. എൽഎച്ച്ബി വിഭാഗത്തിലുള്ള നോൺ എസി ചെയർകാറുകളുമായി ശതാബ്ദി സർവീസ് ഞായറാഴ്ച ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
നിലവിലെ ജനശതാബ്ദി കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്ന പരാതി യാത്രക്കാരിൽനിന്ന് വ്യാപകമായി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ സൗകര്യപ്രദമായ പുഷ്ബാക്ക് സീറ്റുകളുള്ള കോച്ചുകൾ അനുവദിച്ചത്. 16 കോച്ചുകൾ കഴിഞ്ഞ ദിവസം കൊച്ചുവേളിയിലെത്തിച്ചിരുന്നു. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവ സർവീസിൽ ഉൾപ്പെടുത്തുന്നത്.
തിരുവനന്തപുരം–കോഴിക്കോട് ശതാബ്ദിയിലെ സീറ്റുകളും രണ്ടാംഘട്ടത്തിൽ നവീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിലും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ ജനറൽ സിറ്റിങ് കോച്ചുകൾ ഉൾപ്പെടുത്തി. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ കോച്ചുകൾക്കായി പത്ത് പഴയ കോച്ചുകളാണ് മാറ്റിയത്. ശേഷിക്കുന്ന ജനറൽ കോച്ചുകളും ഘട്ടംഘട്ടമായി പുതുക്കാനാണ് റെയിൽവേയുടെ തീരുമാനം.
Comments ()