‘പവർകട്ട് അലർട്ട്’ സംവിധാനം ഇന്ന് മുതൽ; വൈദ്യുതി മുടങ്ങും മുമ്പ് അറിയാം

വൈദ്യുതി പദ്ധതികളുടെ നടത്തിപ്പിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്ന മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വിമർശനം ശരിയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടതും നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ച ഘടകങ്ങളിലൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി

‘പവർകട്ട് അലർട്ട്’ സംവിധാനം ഇന്ന് മുതൽ; വൈദ്യുതി മുടങ്ങും മുമ്പ് അറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരം കാണാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവിലെ വൈദ്യുതി നിയന്ത്രണം തുടരുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, വൈദ്യുതി മുടങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കൾക്ക് വിവരം ലഭ്യമാക്കുന്നതിനായി ‘പവർകട്ട് അലർട്ട്’ സംവിധാനം ഇന്ന് മുതൽ നടപ്പാക്കും. വൈകുന്നേരത്തോടെ സംവിധാനം പ്രവർത്തനസജ്ജമാകുമെന്നാണ് അറിയിപ്പ്.

വൈദ്യുതി പദ്ധതികളുടെ നടത്തിപ്പിൽ ആവശ്യമായ ഏകോപനം ഉണ്ടായില്ലെന്ന മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ വിമർശനം ശരിയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടതും നിലവിലെ പ്രതിസന്ധിയിലേക്ക് നയിച്ച ഘടകങ്ങളിലൊന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാരിന്റെ ഏകോപനത്തിലെ വീഴ്ചകൾ പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി ആരോപിച്ചു. പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം തുടർച്ചയായ പത്താം ദിവസവും തുടരുകയാണ്. നിലവിൽ വൈകിട്ട് 6.30 മുതൽ പുലർച്ചെ ഒരു മണിവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ചില പ്രദേശങ്ങളിൽ ഒരേ ദിവസം ഒന്നിലധികം തവണ വൈദ്യുതി മുടങ്ങുന്നതായി പരാതികളും ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഈ മാസം അവസാനത്തോടെയെങ്കിലും നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് വിലയിരുത്തൽ.